Saturday, 6 January 2018

തട്ടമിട്ട സുന്ദരി

തട്ടമിട്ട സുന്ദരി
*********************
റോയ് പാനികുളം
വാ പെണ്ണേ.. പോ പെണ്ണേ...
ചെക്കന്‍റെ വീട്ടിലേക്ക്....
ഞാനെങ്ങനെ പോകാനാ?
തലേല്‍ തട്ടമുണ്ടില്ലാതെ….
കാതില്‍ ഒലക്കച്ചിറ്റില്ലാതെ…..
തലേല്‍ തട്ടമുണ്ടില്ലേലും
കാതേല്‍ ഒലക്കച്ചിറ്റില്ലേലും
നിലാവിന്‍ കസവു തട്ടം ചൂടിയ
പെണ്ണല്ലേ നീ.....
മണിമാരന്‍ കണ്ടു വെച്ചൊരു
കനിയല്ലേ നീ...
വാ പെണ്ണേ പോ പെണ്ണേ
ചെക്കന്‍റെ വീട്ടിലേക്ക്....
ഞാനെങ്ങനെ പോകാനാ?
പൊന്നിന്‍ കൊലുസ്സില്ലാതെ
മെയ്യേല്‍ പൊന്നില്ലാതെ

മിന്നും കൊലുസ്സില്ലേലും
കയ്യേല്‍ പൊന്നില്ലേലും
പത്തര മാറ്റുള്ള പൊന്നല്ലേ നീ...
മാരന്‍റെ ഖല്‍ബ് കവര്‍ന്നൊരു
ഹൂറിയല്ലേ നീ...

രാജാവ്‌ നഗ്നനാണ്.
രാജാവ്‌ നഗ്നനാണ്.
************************
ഗദ്യകവിത
റോയ് പാനികുളം

തേനൂറും വചസുകള്‍ മൊഴിയും
സ്തുതിപാ0കര്‍ക്കിടയില്‍
രാജാവ്‌ എന്നും നഗ്നനാണ്.
വെളിച്ചത്തില്‍ ചിരിക്കുന്ന നേതാക്കള്‍
ഇരുട്ടില്‍ ചതിക്കുന്നൂ നിര്‍ഭയം.
തലയില്ലാ കബന്ധങ്ങള്‍ക്കിടയില്‍
കാണുന്നു നാം പെറ്റമ്മ-
തന്‍ രോദനങ്ങള്‍...വനരോദനങ്ങള്‍.

മാറ്റിടേണം മാറ്റിമറിച്ചിടേണം
ഉഴുതിടേണം ഉഴുതുമറിച്ചിടേണം
കിളിര്‍ക്കട്ടെ പുതുനാമ്പുകള്‍
പുലരെട്ടേ പുത്തന്‍പ്രതീക്ഷകള്‍.

ജ്വലിക്കട്ടെ കണ്ണുകള്‍
കേള്‍ക്കട്ടെ കാതുകള്‍
ഉയര്‍ന്നിടട്ടെ നാവുകള്‍

ജ്വലിക്കുന്ന കണ്ണുകള്‍
കേള്‍ക്കുന്ന കാതുകള്‍
ഉയരുന്ന നാവുകള്‍
പറയാതെ പറയുന്നു
രാജാവ്‌ ഇന്നും നഗ്നനാണ്.

ഇനിയും ജനിക്കുമോ
നിഷ്ക്കളങ്കബാല്യങ്ങള്‍ ഭൂവില്‍
പറഞ്ഞീടുമോ നിര്‍ഭയമായ്
രാജാവെന്നും നഗ്നനാണെന്ന്...

പരിഭവപൂക്കള്‍
പരിഭവപൂക്കള്‍ 

കവിത

റോയ് പാനികുളം

മഴത്തുമ്പികള്‍ പാറി പറന്നൊരാ
വേനല്‍ സന്ധ്യയില്‍...
കണ്മുനത്തുമ്പില്‍ പരിഭവത്തുണ്ടുമായ്
കാത്തു നിന്നവള്‍...

പാതി മറഞ്ഞൊരാ വാതില്‍പാളിയില്‍
മുഖം ചേര്‍ത്തു നില്‍ക്കവേ...
ചാരത്തണഞ്ഞതും  കണ്ണീര്‍പതക്കങ്ങള്‍
വീണുടഞ്ഞു പോയ്‌...

സീമന്ത രേഖയില്‍ ചുംബനചാര്‍ത്തുമായ്
ഞാന്‍ നിന്ന നേരം...
ചിരിവളകിലുക്കത്താല്‍ നീയെന്നില്‍
പടര്‍ന്നു നിന്നുവോ?...

മോഹങ്ങള്‍

മോഹങ്ങള്‍

കവിത

റോയ് പാനികുളം

മേഘങ്ങള്‍ക്കുണ്ടൊരു മോഹം,
കാറ്റിലലിഞ്ഞു നടക്കാന്‍ മോഹം.
കുഞ്ഞുങ്ങള്‍ക്കുണ്ടൊരു മോഹം,
ഓടി നടന്നു കളിയ്ക്കാന്‍ മോഹം.

പൂച്ചക്കുണ്ടൊരു മോഹം,
പാത്തുപതുങ്ങി നടക്കാന്‍ മോഹം.
നായക്കുണ്ടൊരു മോഹം,
നാടു നിരങ്ങി നടക്കാന്‍ മോഹം.

മോഹങ്ങള്‍ക്കുണ്ടൊരു മോഹം,
മോഹിതമായൊരു മോഹം.
മോഹിതമായൊരു മോഹമതല്ലോ!
ജീവിതമെന്നൊരു വ്യാമോഹം...  

കള്ള്കള്ള്
*******
ഗദ്യകവിത
റോയ് പാനികുളം

നുരനുരയുന്നൊരു കള്ള് 
വെളുവെളുത്തൊരു ഗ്ലാസിൽ 
പതപതയുന്നൊരു നേരം
കൊതികൊതിച്ചൊരു രാവില്‍
അച്ചാറു വേണം,മീഞ്ചാറു വേണം 
കൂടെ കുടിക്കാൻ കൂട്ടരു വേണം
ഭള്ളു പറയുമ്പോൾ,തള്ളു പറയുമ്പോൾ 
കൂട്ടിയടിക്കാൻ കപ്പയും വേണം.
കള്ളെല്ലാം തീർന്നു,കാശെല്ലാം തീർന്നു.
കൂട്ടുകാർ പോയി,നാട്ടുകാര്‍ പോയി.
കരളെല്ലാം വറ്റി,വീടെല്ലാം വിറ്റു.
പങ്കാളി പോയി,പ്രാണനും പോയി.
നാട്ടാര് വന്നു,വീട്ടാര് വന്നു. 
പയ്യാരം ചൊല്ലീ തെക്കോട്ടെടുത്തു...
അമ്മമധുരം
അമ്മമധുരം
***************
ചെറുകഥ

മുറ്റത്തു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് റോസ്മേരി തന്‍റെ കണ്ണടക്കിടയിലൂടെ പുറത്തേക്ക് പാളി നോക്കി.നേര്‍ത്ത ജനല്‍ വിരിയിലൂടെ പുറത്തെ കാഴ്ചകള്‍ അവ്യക്തമായി ഇപ്പോള്‍ അവള്‍ക്കു കാണാം.അടുത്തുള്ള പാര്‍ക്കിലെ മേപ്പിള്‍ മരത്തിന്‍റെ ഇലകളുടെ പച്ച നിറം മാറി മഞ്ഞ രാശി പടര്‍ന്നു തുടങ്ങിയിരിക്കുന്നു.വസന്തകാലം പടിയിറങ്ങി പോകുന്നതിന്‍റെ മുന്നോടിയായി ഇലകളെല്ലാം പഴുത്തു പൊഴിയാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്നു.മരങ്ങള്‍ മഞ്ഞ നിറം കൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ക്കുന്നത് ഈ കാലയളവിലാണ്‌.മഞ്ഞുകാലം ഇങ്ങെത്തിക്കഴിഞ്ഞു...
കാറിന്‍റെ ഡോര്‍ മെല്ലെ അടച്ച്,അങ്കിള്‍ ജോസൂട്ടന്‍റെ കയ്യും പിടിച്ച് വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോള്‍ അവള്‍ മുന്‍വാതില്‍ തുറന്നു കാത്തു നിന്നു.
ഇത്രയും പെട്ടെന്ന് മകനെയുംകൊണ്ട് തിരിച്ചു വരാന്‍ എന്തായിരിക്കും കാരണം?.പതിവ് കാരണങ്ങള്‍ തന്നെ ആയിരിക്കും.അവള്‍ മനസ്സില്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ രസമുള്ള പലതരം കാഴ്ചകള്‍ കണ്ടു രസം പിടിച്ചു വരികയായിരുന്നു അപ്പോഴാണ് മകനെയും കൊണ്ട് അങ്കിള്‍ വരുന്നത്. അങ്കിള്‍ അങ്ങനെയാണ് ഒരു ഇളംകാറ്റു തഴുകി തലോടുന്നത് പോലെയാണ് വരുന്നതും പോകുന്നതും.ആ വാക്കിലും നോക്കിലും എന്തൊരു സൌമ്യത!.
ഫേസ്ബുക്കില്‍ തന്‍റെ കൂട്ടുകാരുടെ എണ്ണം അയ്യായിരം കവിഞ്ഞിരിക്കുന്നു.ഇന്നലെ താന്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക്ക് ലൈക്കുകള്‍ ആയിരത്തിനു മേലെയായി.കമന്‍റുകളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ആ ഫോട്ടോക്ക് താഴെ.
ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു കുളിര്.എല്ലാവരും പറയുന്നത് തന്നെ കണ്ടാല്‍ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ല എന്നാണ്.ഈ ആണുങ്ങളുടെ ഒരു കാര്യം!.എന്തെല്ലാം കമന്‍റുകളാ!.അതൊക്കെ കാണുമ്പോള്‍ മനസ്സില്‍ ഒരു മഞ്ഞു മഴ പെയ്തിറങ്ങുന്നതു പോലെ.
താന്‍ എപ്പോഴും ഫേസ്ബുക്കില്‍ പിടക്കോഴിയെ പോലെ മുട്ടയിട്ടു പൊരുന്നയിരിക്കുകയാണന്നാണ് അച്ചായന്‍റെ പരാതി.അന്യ നാട്ടില്‍ വന്ന്‌ ജോലിയും കുടുംബകാര്യങ്ങളുമായി നടക്കുമ്പോള്‍ ഇതൊക്കെയാണ് ആകെ ഒരു നേരമ്പോക്ക്.അതൊന്നും തന്‍റെ കെട്ട്യോന്‍ ജോയ് അച്ചായന് പറഞ്ഞാല്‍ മനസ്സിലാകില്ല!.
ഈവക കാര്യങ്ങള്‍ പറഞ്ഞ് വീട്ടില്‍ എന്നും വഴക്കാണ്.കുഞ്ഞു കുഞ്ഞു കാരണങ്ങളില്‍ തുടങ്ങി പിന്നെ പിന്നെ മുട്ടന്‍ വഴക്കിലാണ് അത് അവസാനിക്കുന്നത്.ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് നടന്ന വഴക്ക് ഇത്തിരി കൂടി പോയോ?.ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിക്കാതെയാണ്‌ അച്ചായന്‍ ജോലിക്ക് പോയിരിക്കുന്നത്!.ഒരു ദിവസം പുറത്തു നിന്നു കഴിക്കട്ടെ.എന്നാലെ ഒരു ഭാര്യയുടെ വില അങ്ങേരു മനസ്സിലാക്കുകയുള്ളൂ.
അങ്കിളിന്‍റെ വീട്ടില്‍ ഇവനെ കൊണ്ട് ചെന്നാക്കുമ്പോള്‍ കുറച്ചു നേരം സ്വൈരമായിരിക്കാന്‍ സാധിക്കുമെന്നാണ് വിചാരിച്ചത്.എന്തായാലും അത് നടന്നില്ല.
അങ്കിള്‍ പോയിക്കഴിഞ്ഞ്,ഫേസ് ബുക്കില്‍ അന്നത്തെ കമന്‍റുകള്‍ വായിച്ചു രസിച്ചിരിക്കുമ്പോഴാണ്,ജോസൂട്ടന്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞു വീണ്ടും ശല്യപ്പെടുത്താന്‍ തുടങ്ങിയത്.എന്തുകൊണ്ടാണന്നറിയില്ല അവള്‍ക്കു തന്‍റെ കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
കയ്യില്‍ കിട്ടിയത് വസ്ത്രങ്ങള്‍ അലമാരയില്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്കര്‍ ആയിരുന്നു.അത് കൊണ്ട് അവനെ കലി അടങ്ങുന്നതു വരെ തല്ലി.
അപ്പോഴും ഇന്റര്‍നെറ്റിന്‍റെ മായികലോകം അവളെ മാടി മാടി വിളിക്കുന്നുണ്ടായിരുന്നു.ആ മായാലോകത്തിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ അസ്വസ്ഥതകള്‍ കൂടുകെട്ടാന്‍ തുടങ്ങിയിരുന്നു.ഒന്നിലും മനസ്സുറയ്ക്കുന്നില്ല.
പാവം അവനു വല്ലാതെ നൊന്തു കാണും..
അവനു താനല്ലാതെ വേറെ ആരാണുള്ളത്?.
അവന്‍ തന്നെ എന്ത് മാത്രം സ്നേഹിക്കുന്നു.
അത് കൊണ്ടാണല്ലോ തന്നെ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞതും അങ്കിള്‍ ഉടന്‍തന്നെ അവനെ ഇവിടെ കൊണ്ട് വന്നാക്കിയതും.
എന്നിട്ട് താന്‍ ചെയ്തതോ?.ആരോടൊക്കയോ ഉള്ള ദേഷ്യം മുഴുവന്‍ അവന്‍റെ മേല്‍ തീര്‍ത്തു.
പ്രവാസത്തിന്‍റെ വിരസതയും മടുപ്പിക്കുന്ന ഈ ഏകാന്തതയും തന്നെ എത്രമാത്രം മാറ്റി മറിച്ചിരിക്കുന്നു?.
എത്ര തല്ലു കിട്ടിയാലും,വഴക്ക് പറഞ്ഞാലും ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് അവന്‍ പുറകെ നടക്കും.
ഇപ്രാവശ്യം അവനെ അടുത്തെങ്ങും കാണുന്നില്ലല്ലോ?.
എവിടെപ്പോയി ഒളിച്ചു?.
ജോസൂട്ടാ”....
അവള്‍ വീടാകെ അരിച്ചു പെറുക്കി.ദൈവമേ! അവനെ അകത്തൊന്നും കാണുന്നില്ലല്ലോ?.
ജോസൂട്ടാ”....
വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ലല്ലോ?.
മമ്മീടെ മോന്‍ എവിടാ”?.
അവന്‍ പുറത്തേക്കെങ്ങാനും പോയിട്ടുണ്ടാകുമോ?.അവളുടെ മനസ്സില്‍ അനാവശ്യ ചിന്തകള്‍ മൊട്ടിടാന്‍ തുടങ്ങി.
എന്ത് ചെയ്യും?.
അങ്കിളിനെ ഒന്ന് വിളിച്ചു നോക്കിയാലോ?.
വരട്ടെ..ഒന്നുകൂടി അന്വേഷിക്കാം.
അച്ചായന്‍ ജോലികഴിഞ്ഞ് വരാന്‍ ഇനി അധികം സമയമില്ല.ഇതും കൂടി കേട്ടാല്‍ ഇന്നത്തെ വഴക്ക് ഒരു പൊട്ടിത്തെറിയിലേ അവസാനിക്കൂ.
താന്‍ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ വഴക്ക് പറഞ്ഞാല്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാ?.അവള്‍ ഓര്‍ത്തു നോക്കി.
ഒന്നുകില്‍ അമ്മയുടെ കട്ടിലിന്‍റെ അടിയില്‍,അതല്ലെങ്കില്‍ പത്തായപുരയില്‍.
പിണങ്ങിപ്പിരിഞ്ഞ് അങ്ങനെ ഒളിച്ചിരിക്കുമ്പോള്‍ അമ്മ തന്നെ അന്വേഷിച്ച് അവിടെയെല്ലാം തിരഞ്ഞു നടക്കും.തിരച്ചിലിന്‍റെ ഒടുവില്‍ അമ്മ വിഷമിച്ചു കരയുന്നത് കേള്‍ക്കാം.അമ്മ കരഞ്ഞു തുടങ്ങുമ്പോഴേക്കും ഒളിച്ചിരിക്കുന്നതിന്‍റെ ആ സുഖം പോയിട്ടുണ്ടാകും.
മറ്റു ചിലപ്പോള്‍ ഒളിച്ചിരിക്കുന്നത് അമ്മയുടെ അലമാരക്ക് അകത്താണ്.
അവിടെയിരുന്നാല്‍ ആര്‍ക്കും ഉടനെ കണ്ടു പിടിക്കാന്‍ കഴിയില്ല.
കര്‍ത്താവേ!.ജോസൂട്ടന്‍ അലമാരക്കകത്തെങ്ങാനും ഒളിച്ചിരിപ്പുണ്ടാകുമോ?.
എന്തായാലും അവിടെയുംകൂടി ഒന്നന്വേഷിച്ചേക്കാം.എന്നിട്ടും കണ്ടില്ലെങ്കില്‍ അങ്കിളിനേയും,അച്ചായനെയും വിളിച്ചു പറയാം.
കരഞ്ഞുകൊണ്ട്‌ അലമാര തുറന്നു നോക്കുമ്പോള്‍ അതാ അവിടെ അലമാരക്കകത്ത് ജോസൂട്ടന്‍ ഒളിച്ചിരിക്കുന്നു.
എന്‍റെ പൊന്നുമോനേ നീ മമ്മിയെ പേടിപ്പിച്ചുകളഞ്ഞല്ലോ?”.
ഇരുകൈകളാലും അവനെ വാരിയെടുത്ത് ഉമ്മവെക്കുമ്പോള്‍ ക്രമാതീതമായ അവന്‍റെ ശരീരത്തിന്‍റെ ചൂട് അവളുടെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ പൊള്ളിച്ചു.
ഈശ്വരാ!.നന്നായി പനിക്കുന്നുണ്ടല്ലോ!.
അവന്‍റെ വെളുത്തു തുടുത്ത ശരീരം മുഴുവന്‍ അടികൊണ്ട് ചുവന്നു തിണര്‍ത്ത പാടുകള്‍.ചുവന്നു തിണര്‍ത്ത ആ പാടുകളില്‍ അവള്‍ മണിമുത്തങ്ങള്‍ കൊണ്ടൊരു മണിമാളിക തീര്‍ത്തു.അവളുടെ മനസ്സില്‍ സ്നേഹത്തിന്‍റെ ഒരു പാലാഴി ഉറവ കൊണ്ടു.മനസ്സില്‍ നിന്നും എന്തൊക്കെയോ ഭാരങ്ങള്‍ ഒഴിഞ്ഞു പോകുന്നത് പോലെ...
അവനെ മടിയിലിരുത്തി നെറ്റിയില്‍ തുണി നനച്ചിടുമ്പോള്‍ അവളുടെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു.
ചുട്ടുപൊള്ളുന്ന വര്‍ത്തമാന കാലത്തിലേക്ക്,ഭൂതകാലത്തില്‍നിന്നും അമ്മയുടെ നനുത്ത കൈകള്‍ നീണ്ടു വരുന്നതായും,അവ തന്നെ തഴുകി തലോടുന്നതായും അവള്‍ക്കു തോന്നി.
കുഞ്ഞായിരിക്കുമ്പോള്‍,ചേട്ടനോടും ചേച്ചിയോടും തല്ലു കൂടിയാല്‍ പരാതി പറയാന്‍ ഓടി ചെല്ലുന്നത് അമ്മയുടെ അടുത്തേക്കാണ്..
പരാതിയെല്ലാം കേട്ടു കഴിഞ്ഞാല്‍,ഉറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭരണിയില്‍ നിന്നും ചിരട്ടത്തവി കൊണ്ട് കുറച്ചു വെണ്ണ ഒരു പളുങ്ക് പാത്രത്തില്‍ പകര്‍ന്ന് അതിനു മീതെ നല്ല വെളുവെളുങ്ങനുയുള്ള പഞ്ചാര തൂവി കഴിക്കാന്‍ തരുമായിരുന്നു.
അത് കിട്ടിയാലുടനെ താന്‍ ആ പളുങ്ക് പാത്രവുമായി പടിഞ്ഞാറു വശത്തുള്ള അലക്കു കല്ലില്‍ ചെന്നിരിക്കും,അപ്പോഴേക്കും ചേട്ടനും ചേച്ചിയും നാവ് നീട്ടിക്കൊണ്ട് അടുത്തേക്ക്‌ വന്നിട്ടുണ്ടാകും.വഴക്ക് കൂടിയപ്പോള്‍ കിട്ടിയ അടിയെല്ലാം അപ്പോള്‍ തിരിച്ചു കൊടുക്കും.അതോടെ വഴക്കെല്ലാം മാറി ഞങ്ങള്‍ മൂന്ന് പേരും കൂടി ആ വെണ്ണയെല്ലാം തിന്നു തീര്‍ക്കും.
അപ്പന്‍റെ കോടതിയിലേക്ക് കേസുകള്‍ റഫര്‍ ചെയ്യുന്നതിന് മുന്‍പ് അമ്മയുടെ വക വേറെ ചില ഒത്തുതീര്‍പ്പുകളുമുണ്ട്.
അമ്മമാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചില തീര്‍പ്പുകള്‍.
ആ ഒത്തുതീര്‍പ്പുകള്‍ക്ക് അമ്മ വലിയ ഫീസൊന്നും ഈടക്കിയിരുന്നില്ല.
ഞങ്ങളുടെ കയ്യില്‍ വെറുതെയിരിക്കുന്ന ഉമ്മയോ,മുത്തമോ ആ കവിളിലോ,നെറ്റിയിലോ കൊടുത്താല്‍ മതി.അന്നൊക്കെ അമ്മമാര്‍ക്ക് സന്തോഷിക്കാന്‍ അതൊക്കെ ധാരാളം മതിയായിരുന്നു.
ധാരാളിത്തമില്ലാത്ത കുഞ്ഞു ജീവിതങ്ങള്‍!.
മഴക്കാലമായാല്‍ അമ്മയുടെ ഞൊറിവാലില്‍ തൂങ്ങി വാല് പോലെ എപ്പോഴും താനുമുണ്ടാകും.അങ്ങനെ നടക്കാന്‍ ഒത്തിരി കാരണങ്ങളുണ്ട്.
ഒന്ന്,ഇടയ്ക്കിടെ ഉണ്ടാകുന്ന ഇടിവെട്ടും,മിന്നലും..അപ്പോള്‍ അമ്മയെ ഇങ്ങനെ കെട്ടിപ്പിടിച്ച് ആ മാറില്‍ ചാഞ്ഞിരിക്കാം.ആ മാറില്‍ ചാഞ്ഞിരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുരക്ഷിത ബോധം മറ്റെവിടെപ്പോയാലും കിട്ടില്ല.അമ്മക്ക് നല്ല കൈതപ്പൂവിന്‍റെ സുഗന്ധമായിരുന്നു.
മറ്റൊന്ന്,കൈതപ്പൂവിന്‍റെ സുഗന്ധമേറ്റ് ആ മാറില്‍ ചാഞ്ഞിരിക്കുമ്പോള്‍ അമ്മ ഉണ്ടാക്കിത്തരുമായിരുന്ന ആ കട്ടന്‍ചായ.പുറത്തു നല്ല മഴയുള്ളപ്പോഴാണ്  സാധാരണയായി അമ്മ ആ കട്ടന്‍ചായ ഉണ്ടാക്കിത്തരുന്നത്.നല്ല ചൂടുള്ള കട്ടന്‍ ചായയില്‍ ധാരാളം പഞ്ചസാരയൊക്കെയിട്ടു,വെളുത്ത ചില്ല് ഗ്ലാസില്‍ പകര്‍ന്നു കുടിക്കാന്‍ തരും.അതിനു ശേഷമാണ് അമ്മയുടെ ആ പൊടിക്കൈ പ്രയോഗം.നല്ല കുത്തരിയുടെ നുറുങ്ങുകള്‍ വറുത്തെടുത്ത് കട്ടന്‍ ചായക്ക്‌ മുകളില്‍ വിതറും.പുറത്തു മഴ കോരിച്ചൊരിയുമ്പോള്‍ അമ്മയുടെ മടിയിലിരുന്ന്,മഴയുടെ സൌന്ദര്യം ആസ്വദിച്ച് ആ കട്ടന്‍ചായ ഊതി...ഊതി മൊത്തി..മൊത്തി കുടിക്കാന്‍ എന്ത് രസമായിരുന്നെന്നോ!.
എത്ര അനായാസമായാണ് അമ്മ തന്‍റെ ആറു മക്കളേയും വളര്‍ത്തി വലുതാക്കിയത്.ഞങ്ങള്‍ കുട്ടികളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ അമ്മക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.
എന്നാല്‍ തനിക്കോ?.ഈ ഒരൊറ്റ കുട്ടിയെ പോലും ലാളിച്ചു വളര്‍ത്താന്‍ സാധിക്കുന്നില്ല.
എത്രനാളായി നാട്ടിലുള്ള അമ്മയെ ഒന്ന് വിളിച്ചിട്ട്?.തന്നെ ഒന്ന് കാണാന്‍,തന്‍റെ ഒരു വിളി കേള്‍ക്കാന്‍,അമ്മ എന്ത് മാത്രം കൊതിക്കുന്നുണ്ടാവും?.
അമ്മയെ വിളിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ്,മകന്‍റെ നെറ്റിയില്‍ നനച്ചിട്ടിരുന്ന തുണി ഉണങ്ങി പോയിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചത്.തുണി വീണ്ടും നനച്ച് നെറ്റിയില്‍ ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ഇടംകണ്ണാല്‍ അവന്‍ അവളെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
മമ്മി...ഹഗ് മി”.
അവന്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളോട്‌ കെഞ്ചി.
അവനെ മടിയിലിരുത്തി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് മഴ അവളുടെ ലാസ്യ നടനം തുടങ്ങിയിരുന്നു.
ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കെല്ലാം എന്നന്നേക്കുമായി അവള്‍ ചിരിക്കുന്ന ഒരു സ്മൈലിപോസ്റ്റ്‌ ചെയ്തു.ഇതുവരെ കാണാത്ത കൂട്ടുകാര്‍ക്കു വേണ്ടി ഇനിയൊരു കുടുംബകലഹം വേണ്ട എന്നവള്‍ മനസ്സിലുറപ്പിച്ചു.കുടുംബത്തിനുവേണ്ടി കുറച്ചു സമയം കണ്ടെത്തണം.
മൊബൈല്‍ ഫോണ്‍ അലമാരയില്‍ എടുത്തു വെക്കുമ്പോള്‍ പുറകില്‍ ജോസൂട്ടന്‍റെ കാല്‍പെരുമാറ്റം.ജോസൂട്ടന്‍റെ പനിയെല്ലാം കുറഞ്ഞെന്നു തോന്നുന്നു.അവന്‍ സന്തോഷത്തോടെ അവിടെല്ലാം ഓടിച്ചാടി നടക്കുന്നുണ്ട്.
പുറത്തു കാറിന്‍റെ ഡോര്‍ ശക്തിയായി അടയുന്ന ശബ്ദം കേട്ടവള്‍ ജാലകവിരിയിലൂടെ പുറത്തേക്ക് നോക്കി.ഭര്‍ത്താവ് ജോലി കഴിഞ്ഞ് വരുന്നുണ്ട്.
പുഞ്ചിരിച്ചുകൊണ്ട് കതകു തുറന്ന്,കയ്യിലിരുന്ന ടവല്‍ കൊണ്ട് അയാളുടെ തല തുവര്‍ത്തികൊണ്ടിരിക്കുമ്പോള്‍,അയാളുടെ മുഖത്തെ ആശ്ചര്യഭാവം അവള്‍ കണ്ടില്ലെന്നു നടിച്ചു.
പുറത്തെ മഴയുടെ സൌന്ദര്യം ആസ്വദിച്ച് ജനാലക്കരികില്‍ നില്‍ക്കുന്ന അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അയാള്‍ സ്നേഹപൂര്‍വ്വം നോക്കിനില്‍ക്കേ,അവരുടെ ഇടയിലേക്ക് തിക്കിത്തിരക്കി ജോസൂട്ടന്‍ കയറി വന്നു.
അമ്മയുടെ ആ സ്പെഷ്യല്‍ കട്ടന്‍ചായ ഒന്നു പരീക്ഷിച്ചു നോക്കിയാലോ?.
അമ്മയുടെ അതിവിശിഷ്ടമായ ആ കട്ടന്‍ചായ അച്ചായനും,ജോസൂട്ടനും മൊത്തി മൊത്തി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാളുടെ മുഖത്തെ ആശ്ചര്യ ഭാവം ഒരു മന്ദഹാസത്തിനു വഴിമാറി.
ആ സമയം തുറന്നു കിടക്കുന്ന ജനല്‍പ്പാളിയില്‍ക്കൂടി കൈതപ്പൂവിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം മുറിയാകെ വന്നു നിറയുന്നതു പോലെ അവള്‍ക്കു തോന്നി...


പോത്തിറച്ചി

പോത്തിറച്ചി
**************
ചെറുകഥ
റോയ് പാനികുളം

ചക്ക.......ചക്കച്ചാമ്പ....

ങേ! ഈ മദാമ്മക്കൊച്ച് എന്താ ഈ പറയുന്നത്!.
 
ഞാന്‍ ചെവികള്‍ വട്ടം പിടിച്ചു,കാതുകള്‍ കൂര്‍പ്പിച്ചു.

ഇവിടെ ബ്രിട്ടണില്‍ വന്നതില്‍ പിന്നെ ഈ ഞാന്‍ ഇങ്ങനെയാണ്.

“ചക്ക” എന്ന വാക്ക് എവിടെ കേട്ടാലും ഞാനെന്‍റെ ചെവികള്‍ വട്ടം പിടിക്കും കാതുകള്‍ കൂര്‍പ്പിക്കും.

കാര്യം എന്താണന്നല്ലേ?,പറയാം.

സംഭവം എന്‍റെ ഈ നെടുനെടുങ്കന്‍ പേര്  തന്നെ.

“ചക്കച്ചാമ്പറമ്പില്‍ കൊച്ചുവറീത് ഇഗ്നേഷ്യസ്”.

എങ്ങനുണ്ട്?.വിളിക്കാന്‍ പറ്റുന്നുണ്ടോ?.

ഇല്ലാ.....അല്ലേ?.അതാണ് പ്രശ്നം.

നമ്മള്‍ മലയാളികള്‍ക്കു പോലും എന്‍റെ മുഴുവന്‍ പേര് പെട്ടന്ന് വിളിക്കാന്‍ പറ്റുന്നില്ല.
പിന്നെയല്ലേ ഈ മദാമ്മാക്കൊച്ചുങ്ങള്!.

ആ മദാമ്മ നഴ്സിന്‍റ നാക്ക്‌ പല്ലിന്‍റെ ഇടയില്‍ കുടുങ്ങുന്നതിനു മുന്‍പേ  ഞാന്‍ ഓടി ചെന്നു ഹാജര്‍ കൊടുത്തു.

ഈയിടെയായി ചെറിയ ഒരു തലകറക്കം.എന്തായാലും ഡോക്ടറെ ഒന്ന് കണ്ടേക്കാം എന്ന് വിചാരിച്ചു ഹോസ്പിറ്റല്‍ വരെ ഒന്ന് വന്നതാണ്‌.

ഡോക്ടറെ കാണാന്‍ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ജന്മം തന്ന അപ്പനോടും അമ്മയോടും വല്ലാത്ത അമര്‍ഷം തോന്നി.

അവരാണല്ലോ! ഈ കടിച്ചാല്‍ പൊട്ടാത്ത നാമധേയം എനിക്ക് കല്‍പ്പിച്ചു തന്നവര്‍.

സ്വന്തം പേരിനു മുന്‍പ് തലേക്കെട്ടായി കടിച്ചാല്‍ പൊട്ടാത്ത വീട്ടുപേരും,
അപ്പന്‍റെയോ,അപ്പാപ്പന്‍റെയോ പേരും അതിനു ശേഷം സ്വന്തം പേരും.

എന്താല്ലേ?.

എന്‍റെ പേരിനു മുന്‍പിലുള്ളത് മരിച്ചു പോയ അപ്പാപ്പന്‍റെ പേരാണ്.

തൃശ്ശൂരിലെ പേരു കേട്ട അരിക്കച്ചവടക്കാരന്‍ കൊച്ചുവറീതിന്‍റെ പേര്.

സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ഈ പേര് എനിക്കൊരു അലങ്കാരമായിരുന്നു.

തൃശ്ശൂരിലെ പേരുകേട്ട തറവാട്ടിലെ,പേരുകേട്ട ബിസിനസ്സുകാരന്‍ അപ്പാപ്പന്‍റെ ഇളമുറക്കാരന്‍.

എവിടെ കയറിചെന്നാലും ഒരു കസേരയും ചായയും ഉറപ്പായിരുന്ന കാലം.

അതൊരു കാലം.

മധുരിക്കുന്ന ഓര്‍മ്മകള്‍ എനിക്കു നല്‍കിയ എന്‍റെ കുട്ടിക്കാലം.

അങ്ങനെയിരിക്കെ....അപ്പന്‍സിനൊരാഗ്രഹം.

മകനെ ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിക്കണം.

ദങ്ങനെയാണ് ഈ ഞ്യാന്‍ ദിവിടെയെത്തിയത്.

ഇംഗ്ലണ്ടിലെത്തി പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍,
ദാണ്ടേ.....എനിക്കൊരാഗ്രഹം.

വളയിട്ട കൈകൊണ്ടു കൊണ്ട് വിളമ്പിയ കുത്തരിചോറും,നല്ല നാടന്‍ കറികളും കൂട്ടി ആഹാരം കഴിക്കണം.

ആഗ്രഹങ്ങള്‍ ചൂണ്ടിയ വഴിയേ ഞാന്‍ മുന്നോട്ടു പോയി.

നാട്ടില്‍ പോയി ആര്‍ഭാടമായി പെണ്ണ് കെട്ടി,പെമ്പ്രന്നോത്തിയേയും കൂട്ടി  ഇങ്ങോട്ട് പോന്നു.

മധുവും.വിധുവും,വിധുബാലയും ഒക്കെയായി മധുവിധു കാലം ഞങ്ങള്‍ ലണ്ടനില്‍ അടിച്ചു പൊളിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല...

ഉണ്ണികള്‍...

ഒന്ന്...

രണ്ട്...

മൂന്ന്...

എന്‍റെമ്മോ! ദാണ്ടേ...നാല്.

നാലാമത്തെ സന്താനത്തെ പ്രസവിച്ച് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ആലീസ് പറഞ്ഞു.
“ഇനിയെങ്ങാനും ഇക്കാര്യം പറഞ്ഞോണ്ട് ഇങ്ങോട്ടെങ്ങാനും വന്നാല്.....അറിയാലോ?”.

അവളുടെ തനിക്കൊണം അറിയാവുന്ന ഞാന്‍ പൂച്ചയെ പോലെ വാല് മടക്കി,മിണ്ടാതെ മൃക്കാതെ ഒരു മൂലയ്ക്ക് പോയിരുന്നു.

പെണ്ണ് കാണാന്‍ ചെന്നമ്പോള്‍ എന്തൊരു നാണമായിരുന്നു ഇവള്‍ക്ക്!.

ഇപ്പൊ കണ്ടോ?.കല്യാണശേഷം ഇവളുമാരുടെ സ്വഭാവം മാറുന്നത്.

കുഞ്ഞുങ്ങളും,കുഞ്ഞുകുട്ടി പരാതീനങ്ങളുമായി ജീവിതം അങ്ങനെ   കുശാലായി മുന്നേറുകയാണ്.

അപ്പോള്‍ അതാ,അപ്പന്‍സിനു വീണ്ടുമൊരാഗ്രഹം.

ദൈവമേ! ഈ അപ്പന്‍മാരുടെ ഓരോരോ ആഗ്രഹങ്ങളേ!

മരിക്കുന്നതിനു മുന്‍പ്,അമ്മച്ചിയോടൊപ്പം ബ്രിട്ടണില്‍ വന്ന്‌ ഞങ്ങളോടൊപ്പം കുറച്ചു നാള്‍ ഉണ്ടുറങ്ങി കുളിച്ചു താമസിക്കണം.

ഒട്ടും മടിച്ചില്ല,ഉടനെ കൊടുത്തു.വിസിറ്റിംഗ് വിസയും ഫ്ലൈറ്റ് ടിക്കറ്റും.

നല്ല ഒരു ബ്രിട്ടീഷ്‌ സമ്മര്‍ കാലത്ത് നാട്ടിലെ വെയിലും കൊണ്ട് അപ്പച്ചനും അമ്മച്ചിയും ഇവിടെ പറന്നിറങ്ങി.

അപ്പച്ചനും അമ്മച്ചിയ്ക്കും ഒത്തിരി ഒത്തിരി കൌതുകങ്ങള്‍ കരുതി വച്ചിരുന്നു സായിപ്പിന്‍റെ ഈ നാട്.

ഞങ്ങള്‍ ആ കൌതുക കലവറകള്‍ ഒന്നൊന്നായ് അവര്‍ക്കായി തുറന്നു കൊടുത്തു.
ബ്രിട്ടീഷ്‌ സമ്മര്‍ അവര്‍ ശരിക്കും ആസ്വദിച്ചു.

അങ്ങനെയിരിക്കെ,ഞങ്ങള്‍ രണ്ടു പേരും ജോലിക്ക് പോയി തിരിച്ചു വന്ന ഒരു ദിവസം.
കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ വീടിനു ചുറ്റും  കറികളുടെ ഒരു സുഗന്ധക്കൂട്ട് പരന്നു നില്‍ക്കുന്നു.
 
ഓ! അത് ഇവിടെ എല്ലാ മലയാളികളുടെയും വീട്ടിലേക്കു കയറുമ്പോള്‍ കിട്ടുന്ന മണമല്ലേ! എന്നായിരിക്കും നിങ്ങളുടെ ചിന്ത.

അത് കറക്റ്റ്.

പക്ഷെ! ഇത് നല്ല വറുത്തരച്ച നാടന്‍ പോത്തിറച്ചി വരട്ടിയ മണം.

അവന്‍ ഗുമു...ഗുമാ...മൂക്കിലേക്ക് അടിച്ചു കയറുന്നു.

നല്ല നാടന്‍ കുരുമുളക് പൊടിയൊക്കെ ചേര്‍ത്തിളക്കി,ഒരു പെരളന്‍ പരുവത്തില്‍ അവന്‍,അങ്ങനെ,ചട്ടിയില്‍ കിടന്നു വിറക്കുകയാണ്.

നല്ല നെയ്യോടു കൂടിയ പോത്തിറച്ചി വരട്ടിയത്.

എന്‍റെ ഇളയ സന്താനം ഉണ്ണിക്കുട്ടന് ഏറ്റവും ഇഷ്ടപെട്ട കറി.

അവനു അതിലെ നെയ്ത്തുണ്ടമാണ് ഏറെ ഇഷ്ടം.

അതറിയാവുന്ന എന്‍റെ പ്രിയതമ വളയിട്ട,അവളുടെ ആ കൈകൊണ്ടു കുറച്ച്  ഇറച്ചി കഷണങ്ങളും അതിലേറെ നെയ്‌ തുണ്ടങ്ങളും ഒരു പാത്രത്തിലേക്ക് പകര്‍ന്നു.

അതിനു ശേഷം അവള്‍ ഉണ്ണിക്കുട്ടനെ നീട്ടി വിളിച്ചു.
“ഉണ്ണിക്കുട്ടാ....” “ഓടി വാ”

“ദേ...മമ്മി എന്താ മോന് എടുത്തു വച്ചിരിക്കുന്നത് എന്ന് നോക്കിയേ?”

“നല്ല സ്റ്റോഫായ ബീഫ് കറി”.

നല്ല സോഫ്റ്റ്‌ ആയ നെയ്‌കഷണത്തിനെ അവന്‍ സ്റ്റോഫായ പീസ് എന്നാണ് പറയുന്നത്.

ഉണ്ണിക്കുട്ടന്‍റെ കുഞ്ഞു വായിലേക്ക് ആലീസ് ഒരു സ്റ്റോഫായ പീസ് എടുത്തു വച്ചു കൊടുത്തു അവന്‍ ആര്‍ത്തിയോടെ അത് തിന്നുവാന്‍ തുടങ്ങി...

“ത്പ്പൂ”! അവന്‍ പുറത്തേക്ക് ഒറ്റത്തുപ്പ്‌.

“ത്പ്പൂ”! “ത്പ്പൂ”!.

ഡൈനിംഗ് ടേബിള്‍ മുഴുവന്‍ അവന്‍ തുപ്പിക്കൂട്ടി വൃത്തികേടാക്കി. 

“ഉണ്ണിക്കുട്ടാ”! ആലീസ് ഉച്ചത്തില്‍ അലറി.

“എന്തായിത്?”

ഉച്ചത്തിലുള്ള അവളുടെ അലര്‍ച്ച കേട്ടു ഞാന്‍ ഓടിച്ചെന്നു.

പാവം ഉണ്ണിക്കുട്ടന്‍ പേടിച്ചു വിറച്ചു നില്‍ക്കുന്നു.

ഞാന്‍ ക്ഷമയോടെ അവനോടു കാര്യങ്ങള്‍ തിരക്കി.

“ഡാഡി...”

“ഇറ്റ്‌ ഈസ്‌ നോട്ട് സ്റ്റോഫ് പീസ്‌”

ഞാന്‍ പോത്തിറച്ചി വരട്ടിയതിലേക്ക് സൂക്ഷിച്ചു നോക്കി.

“ഡാഡി...ടേക്ക് ദാറ്റ്‌ പീസ്‌”

അവന്‍ പറഞ്ഞ നെയ്‌കഷണം ഞാന്‍ പാത്രത്തില്‍ നിന്നും എടുത്തു രുചിച്ചു നോക്കി.

“ത്പ്പൂ”! അവനെപ്പോലെ ഞാനും അത് പുറത്തേക്ക് തുപ്പി.

ഇത് കണ്ട ആലീസിനു ഒന്ന് കൂടി കലിയിളകി.

“നിങ്ങളെന്താ! ഈ കാണിക്കുന്നത്!”.

“ദെഷ്യഗഡികള്‍!”.

അവള്‍ വലത്തെ കയ്യുടെ തള്ള വിരല്‍ മേലേക്കുയര്‍ത്തി വലത്തോട്ടു രണ്ടു പ്രാവശ്യം വെട്ടിച്ച്,അതേ സമയം തന്നെ തല മേലേക്കുയര്‍ത്തി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചിട്ട് പിന്നെയും പറഞ്ഞു.

“ദെഷ്യഗഡികള്‍!"

അവള്‍ക്കു ദേഷ്യം വരുമ്പോള്‍ അവള്‍ ഞങ്ങളെ വിളിക്കുന്ന പേരാണ്.

“ദെഷ്യഗഡികള്‍”.

“പോത്തിറച്ചിയില്‍ നെയ്കഷണത്തിനു പകരം കട്ടിയുള്ള സ്പോഞ്ച് കഷണം ആണെടി പോത്തെ!”
.
ഞാന്‍ ആക്രോശിച്ചു. 
  
ബഹളം കേട്ട് അപ്പനും അമ്മയും അടുക്കളയിലേക്കു ഓടി വന്നു.

“ഇതെങ്ങനെ പറ്റി?”

ഞാന്‍ അമ്മയോട് ചോദിച്ചു.

അമ്മയാണല്ലോ ഈ കറിയുടെ സൃഷ്ടി കര്‍മം നടത്തിയ മഹതി.

“ഡാ....മോനെ ഇക്ണു”.

നീ ഇന്നലെ ആസാദിന്‍റെ കടയില്‍ (ASDA SUPER MARKET) നിന്നും വാങ്ങിത്തന്ന പോത്തിറച്ചി പ്ലാസ്റ്റിക്‌ ബോക്സ്‌ തുറന്നു നുറുക്കിയത് അപ്പച്ചനാണ്.

“അതില്‍ ഇറച്ചിയുടെ അടിയില്‍ മാറ്റി വെച്ചിരുന്ന നെയ്കഷണവും  അപ്പച്ചന്‍ ഇതില്‍ നുറുക്കി ഇട്ടിരുന്നു”.

ഞാന്‍ എന്‍റെ രണ്ടു കയ്യും തലയുടെ പുറകില്‍ ചേര്‍ത്തു വച്ചിട്ട് പറഞ്ഞു.

“ഓ! എന്‍റെ അപ്പച്ചാ!”. “അപ്പച്ചന്‍ അതും നുറുക്കി കറിയില്‍ ഇട്ടോ?”.

അപ്പച്ചനും അമ്മച്ചിയും എന്നെ കണ്ണു മിഴിച്ചു നോക്കി.

അവര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

“ഹെന്‍റെ അമ്മച്ചി,അത് ഇറച്ചിയിലെ ചോരയും വെള്ളവും വലിച്ചെടുക്കാന്‍ വച്ചിരിക്കുന്ന സ്പോഞ്ചല്ലേ!”.

ഇത് കേട്ടതും കലി മൂത്ത്,കുലംകുത്തിയായി നിന്ന ആലീസ് പൊട്ടിച്ചിരിച്ചു.

ഞങ്ങളെല്ലാം ആ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്നു,അതിനിടയില്‍ അപ്പച്ചന്‍റെ അവ്യക്തമായ സ്വരം...

“ഓ! എന്നാലും,ഈ സായിപ്പിന്‍റെ ഓരോ കണ്ടുപിടുത്തങ്ങളേ!”.


വാല്‍ക്കഷണം:

നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് മുന്‍പ് മമ്ടെ അമ്മച്ചി ഒരു സാധനാ അലക്കി.

മമ്ടെ തൃശ്ശൂപൂരത്തിന്... അമിട്ടാ പൊട്ടണ പോലത്തെ ഒരുജ്ജാതി സാധനം.

നല്ല ഉശിരന്‍ പോത്തിറച്ചി വരട്ടിയത്.

ആലീസ് വരെ സമ്മതിച്ചു കൊടുത്ത  രുചിയുടെ ആ പൂരപ്പെരുമ.

ന്നാ പിടിച്ചോ!

ആവശ്യമുള്ള സാധനങ്ങള്‍:

നല്ല നെയ്യോടു കൂടിയ പോത്തിറച്ചി - ഒരു ഒന്നന്നര കിലോ

ചുവന്നുള്ളി – പത്ത് ചുള

തക്കാളി പേസ്റ്റക്കിയത് - മൂന്ന് ടീ സ്പൂണ്‍

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ച മുളക് – അഞ്ചെണ്ണം

വെളുത്തുള്ളി – അഞ്ചോ,ആറോ അല്ലി

വേപ്പില _ മൂന്ന് കതിര്‍ (തണ്ടോട് കൂടിയത്)

മല്ലിപ്പൊടി – രണ്ടു ടീ സ്പൂണ്‍

മുളക് പൊടി – ഒരു സ്പൂണ്‍

കുരുമുളക് പൊടി – ഒരു ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ടീ സ്പൂണ്‍

ഇറച്ചി മസാല – മൂന്ന് ടീ സ്പൂണ്‍

നാടന്‍ വെളിച്ചെണ്ണ - മൂന്ന് ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ചൂടായ പത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ നന്നായി ചൂടായ  ശേഷം ചതച്ചു വച്ചിരിക്കുന്ന ചുവന്നുള്ളിയും,ഇഞ്ചിയും,പച്ചമുളകും,തക്കാളി പേസ്റ്റും,കുറച്ചു വേപ്പിലയും ചേര്‍ത്തു വഴറ്റുക.ഈ ചേരുവകളെല്ലാം കുറച്ചു വഴന്നതിനു ശേഷം,ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക (വെളുത്തുള്ളി പെട്ടെന്ന് കരിയും അതുകൊണ്ടാണ് ആദ്യം ചേര്‍ക്കാതിരുന്നത്).ഇതിലേക്ക് മഞ്ഞള്‍ പൊടി,മല്ലിപ്പൊടി ഇവ ചേര്‍ത്ത് ഒന്നിളക്കുക.അതിനു ശേഷം കുരുമുളക് പൊടി, ഇറച്ചി മസാല,മുളക് പൊടി ഇവ ചേര്‍ത്തു നന്നായി വഴറ്റുക.ഇതിലേക്ക് അരിഞ്ഞു കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന നെയ്യോടുകൂടിയ പോത്തിറച്ചി ചേര്‍ത്തു വെള്ളം വറ്റി കുഴമ്പ് പരുവമാകുന്നതു വരെ വേവിക്കുക.വെന്തുവരുമ്പോള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കുക. 

പൊടിക്കൈ:വെന്തുകഴിഞ്ഞതിനു ശേഷം,തീ അണച്ച് വച്ച് കുറച്ചു പച്ച വെളിച്ചണ്ണയും,വേപ്പിലക്കതിരും കറിയുടെ മുകളില്‍ തൂവുക.അഞ്ചു മിനിട്ട് അടച്ച് വച്ചതിനു ശേഷം,പാത്രം തുറന്നു ചൂടോടെ വിളമ്പുക.

നടുക്കഷ്ണം:

ഇത് പോലത്തെ നല്ല തനിനാടന്‍ ഭക്ഷണസാധനങ്ങള്‍ സ്നേഹത്തില്‍ ചാലിച്ച് വച്ച് വിളമ്പിക്കൊടുത്താല്‍ ഏതു ഭര്‍ത്താവും വീഴും.തെന്നി,തെന്നി വീഴും.

പിന്നെ, വീട്ടില്‍ പുലിയെപ്പോലെ പെരുമാറുന്ന മോശടന്മാരായ ഭര്‍ത്താക്കന്മാരെ  എലിയെപ്പോലെ ആക്കി,ഭാര്യമാര്‍ക്ക് സ്വന്തം ഉള്ളം കയ്യിലിട്ടു അമ്മാനമാടാം.