Saturday 6 January 2018

അമ്മമധുരം








അമ്മമധുരം
***************
ചെറുകഥ





മുറ്റത്തു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് റോസ്മേരി തന്‍റെ കണ്ണടക്കിടയിലൂടെ പുറത്തേക്ക് പാളി നോക്കി.നേര്‍ത്ത ജനല്‍ വിരിയിലൂടെ പുറത്തെ കാഴ്ചകള്‍ അവ്യക്തമായി ഇപ്പോള്‍ അവള്‍ക്കു കാണാം.അടുത്തുള്ള പാര്‍ക്കിലെ മേപ്പിള്‍ മരത്തിന്‍റെ ഇലകളുടെ പച്ച നിറം മാറി മഞ്ഞ രാശി പടര്‍ന്നു തുടങ്ങിയിരിക്കുന്നു.വസന്തകാലം പടിയിറങ്ങി പോകുന്നതിന്‍റെ മുന്നോടിയായി ഇലകളെല്ലാം പഴുത്തു പൊഴിയാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്നു.മരങ്ങള്‍ മഞ്ഞ നിറം കൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ക്കുന്നത് ഈ കാലയളവിലാണ്‌.മഞ്ഞുകാലം ഇങ്ങെത്തിക്കഴിഞ്ഞു...
കാറിന്‍റെ ഡോര്‍ മെല്ലെ അടച്ച്,അങ്കിള്‍ ജോസൂട്ടന്‍റെ കയ്യും പിടിച്ച് വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോള്‍ അവള്‍ മുന്‍വാതില്‍ തുറന്നു കാത്തു നിന്നു.
ഇത്രയും പെട്ടെന്ന് മകനെയുംകൊണ്ട് തിരിച്ചു വരാന്‍ എന്തായിരിക്കും കാരണം?.പതിവ് കാരണങ്ങള്‍ തന്നെ ആയിരിക്കും.അവള്‍ മനസ്സില്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ രസമുള്ള പലതരം കാഴ്ചകള്‍ കണ്ടു രസം പിടിച്ചു വരികയായിരുന്നു അപ്പോഴാണ് മകനെയും കൊണ്ട് അങ്കിള്‍ വരുന്നത്. അങ്കിള്‍ അങ്ങനെയാണ് ഒരു ഇളംകാറ്റു തഴുകി തലോടുന്നത് പോലെയാണ് വരുന്നതും പോകുന്നതും.ആ വാക്കിലും നോക്കിലും എന്തൊരു സൌമ്യത!.
ഫേസ്ബുക്കില്‍ തന്‍റെ കൂട്ടുകാരുടെ എണ്ണം അയ്യായിരം കവിഞ്ഞിരിക്കുന്നു.ഇന്നലെ താന്‍ പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക്ക് ലൈക്കുകള്‍ ആയിരത്തിനു മേലെയായി.കമന്‍റുകളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ആ ഫോട്ടോക്ക് താഴെ.
ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു കുളിര്.എല്ലാവരും പറയുന്നത് തന്നെ കണ്ടാല്‍ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ല എന്നാണ്.ഈ ആണുങ്ങളുടെ ഒരു കാര്യം!.എന്തെല്ലാം കമന്‍റുകളാ!.അതൊക്കെ കാണുമ്പോള്‍ മനസ്സില്‍ ഒരു മഞ്ഞു മഴ പെയ്തിറങ്ങുന്നതു പോലെ.
താന്‍ എപ്പോഴും ഫേസ്ബുക്കില്‍ പിടക്കോഴിയെ പോലെ മുട്ടയിട്ടു പൊരുന്നയിരിക്കുകയാണന്നാണ് അച്ചായന്‍റെ പരാതി.അന്യ നാട്ടില്‍ വന്ന്‌ ജോലിയും കുടുംബകാര്യങ്ങളുമായി നടക്കുമ്പോള്‍ ഇതൊക്കെയാണ് ആകെ ഒരു നേരമ്പോക്ക്.അതൊന്നും തന്‍റെ കെട്ട്യോന്‍ ജോയ് അച്ചായന് പറഞ്ഞാല്‍ മനസ്സിലാകില്ല!.
ഈവക കാര്യങ്ങള്‍ പറഞ്ഞ് വീട്ടില്‍ എന്നും വഴക്കാണ്.കുഞ്ഞു കുഞ്ഞു കാരണങ്ങളില്‍ തുടങ്ങി പിന്നെ പിന്നെ മുട്ടന്‍ വഴക്കിലാണ് അത് അവസാനിക്കുന്നത്.ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് നടന്ന വഴക്ക് ഇത്തിരി കൂടി പോയോ?.ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിക്കാതെയാണ്‌ അച്ചായന്‍ ജോലിക്ക് പോയിരിക്കുന്നത്!.ഒരു ദിവസം പുറത്തു നിന്നു കഴിക്കട്ടെ.എന്നാലെ ഒരു ഭാര്യയുടെ വില അങ്ങേരു മനസ്സിലാക്കുകയുള്ളൂ.
അങ്കിളിന്‍റെ വീട്ടില്‍ ഇവനെ കൊണ്ട് ചെന്നാക്കുമ്പോള്‍ കുറച്ചു നേരം സ്വൈരമായിരിക്കാന്‍ സാധിക്കുമെന്നാണ് വിചാരിച്ചത്.എന്തായാലും അത് നടന്നില്ല.
അങ്കിള്‍ പോയിക്കഴിഞ്ഞ്,ഫേസ് ബുക്കില്‍ അന്നത്തെ കമന്‍റുകള്‍ വായിച്ചു രസിച്ചിരിക്കുമ്പോഴാണ്,ജോസൂട്ടന്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞു വീണ്ടും ശല്യപ്പെടുത്താന്‍ തുടങ്ങിയത്.എന്തുകൊണ്ടാണന്നറിയില്ല അവള്‍ക്കു തന്‍റെ കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
കയ്യില്‍ കിട്ടിയത് വസ്ത്രങ്ങള്‍ അലമാരയില്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്കര്‍ ആയിരുന്നു.അത് കൊണ്ട് അവനെ കലി അടങ്ങുന്നതു വരെ തല്ലി.
അപ്പോഴും ഇന്റര്‍നെറ്റിന്‍റെ മായികലോകം അവളെ മാടി മാടി വിളിക്കുന്നുണ്ടായിരുന്നു.ആ മായാലോകത്തിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ അസ്വസ്ഥതകള്‍ കൂടുകെട്ടാന്‍ തുടങ്ങിയിരുന്നു.ഒന്നിലും മനസ്സുറയ്ക്കുന്നില്ല.
പാവം അവനു വല്ലാതെ നൊന്തു കാണും..
അവനു താനല്ലാതെ വേറെ ആരാണുള്ളത്?.
അവന്‍ തന്നെ എന്ത് മാത്രം സ്നേഹിക്കുന്നു.
അത് കൊണ്ടാണല്ലോ തന്നെ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞതും അങ്കിള്‍ ഉടന്‍തന്നെ അവനെ ഇവിടെ കൊണ്ട് വന്നാക്കിയതും.
എന്നിട്ട് താന്‍ ചെയ്തതോ?.ആരോടൊക്കയോ ഉള്ള ദേഷ്യം മുഴുവന്‍ അവന്‍റെ മേല്‍ തീര്‍ത്തു.
പ്രവാസത്തിന്‍റെ വിരസതയും മടുപ്പിക്കുന്ന ഈ ഏകാന്തതയും തന്നെ എത്രമാത്രം മാറ്റി മറിച്ചിരിക്കുന്നു?.
എത്ര തല്ലു കിട്ടിയാലും,വഴക്ക് പറഞ്ഞാലും ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് അവന്‍ പുറകെ നടക്കും.
ഇപ്രാവശ്യം അവനെ അടുത്തെങ്ങും കാണുന്നില്ലല്ലോ?.
എവിടെപ്പോയി ഒളിച്ചു?.
ജോസൂട്ടാ”....
അവള്‍ വീടാകെ അരിച്ചു പെറുക്കി.ദൈവമേ! അവനെ അകത്തൊന്നും കാണുന്നില്ലല്ലോ?.
ജോസൂട്ടാ”....
വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ലല്ലോ?.
മമ്മീടെ മോന്‍ എവിടാ”?.
അവന്‍ പുറത്തേക്കെങ്ങാനും പോയിട്ടുണ്ടാകുമോ?.അവളുടെ മനസ്സില്‍ അനാവശ്യ ചിന്തകള്‍ മൊട്ടിടാന്‍ തുടങ്ങി.
എന്ത് ചെയ്യും?.
അങ്കിളിനെ ഒന്ന് വിളിച്ചു നോക്കിയാലോ?.
വരട്ടെ..ഒന്നുകൂടി അന്വേഷിക്കാം.
അച്ചായന്‍ ജോലികഴിഞ്ഞ് വരാന്‍ ഇനി അധികം സമയമില്ല.ഇതും കൂടി കേട്ടാല്‍ ഇന്നത്തെ വഴക്ക് ഒരു പൊട്ടിത്തെറിയിലേ അവസാനിക്കൂ.
താന്‍ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ വഴക്ക് പറഞ്ഞാല്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാ?.അവള്‍ ഓര്‍ത്തു നോക്കി.
ഒന്നുകില്‍ അമ്മയുടെ കട്ടിലിന്‍റെ അടിയില്‍,അതല്ലെങ്കില്‍ പത്തായപുരയില്‍.
പിണങ്ങിപ്പിരിഞ്ഞ് അങ്ങനെ ഒളിച്ചിരിക്കുമ്പോള്‍ അമ്മ തന്നെ അന്വേഷിച്ച് അവിടെയെല്ലാം തിരഞ്ഞു നടക്കും.തിരച്ചിലിന്‍റെ ഒടുവില്‍ അമ്മ വിഷമിച്ചു കരയുന്നത് കേള്‍ക്കാം.അമ്മ കരഞ്ഞു തുടങ്ങുമ്പോഴേക്കും ഒളിച്ചിരിക്കുന്നതിന്‍റെ ആ സുഖം പോയിട്ടുണ്ടാകും.
മറ്റു ചിലപ്പോള്‍ ഒളിച്ചിരിക്കുന്നത് അമ്മയുടെ അലമാരക്ക് അകത്താണ്.
അവിടെയിരുന്നാല്‍ ആര്‍ക്കും ഉടനെ കണ്ടു പിടിക്കാന്‍ കഴിയില്ല.
കര്‍ത്താവേ!.ജോസൂട്ടന്‍ അലമാരക്കകത്തെങ്ങാനും ഒളിച്ചിരിപ്പുണ്ടാകുമോ?.
എന്തായാലും അവിടെയുംകൂടി ഒന്നന്വേഷിച്ചേക്കാം.എന്നിട്ടും കണ്ടില്ലെങ്കില്‍ അങ്കിളിനേയും,അച്ചായനെയും വിളിച്ചു പറയാം.
കരഞ്ഞുകൊണ്ട്‌ അലമാര തുറന്നു നോക്കുമ്പോള്‍ അതാ അവിടെ അലമാരക്കകത്ത് ജോസൂട്ടന്‍ ഒളിച്ചിരിക്കുന്നു.
എന്‍റെ പൊന്നുമോനേ നീ മമ്മിയെ പേടിപ്പിച്ചുകളഞ്ഞല്ലോ?”.
ഇരുകൈകളാലും അവനെ വാരിയെടുത്ത് ഉമ്മവെക്കുമ്പോള്‍ ക്രമാതീതമായ അവന്‍റെ ശരീരത്തിന്‍റെ ചൂട് അവളുടെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ പൊള്ളിച്ചു.
ഈശ്വരാ!.നന്നായി പനിക്കുന്നുണ്ടല്ലോ!.
അവന്‍റെ വെളുത്തു തുടുത്ത ശരീരം മുഴുവന്‍ അടികൊണ്ട് ചുവന്നു തിണര്‍ത്ത പാടുകള്‍.ചുവന്നു തിണര്‍ത്ത ആ പാടുകളില്‍ അവള്‍ മണിമുത്തങ്ങള്‍ കൊണ്ടൊരു മണിമാളിക തീര്‍ത്തു.അവളുടെ മനസ്സില്‍ സ്നേഹത്തിന്‍റെ ഒരു പാലാഴി ഉറവ കൊണ്ടു.മനസ്സില്‍ നിന്നും എന്തൊക്കെയോ ഭാരങ്ങള്‍ ഒഴിഞ്ഞു പോകുന്നത് പോലെ...
അവനെ മടിയിലിരുത്തി നെറ്റിയില്‍ തുണി നനച്ചിടുമ്പോള്‍ അവളുടെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു.
ചുട്ടുപൊള്ളുന്ന വര്‍ത്തമാന കാലത്തിലേക്ക്,ഭൂതകാലത്തില്‍നിന്നും അമ്മയുടെ നനുത്ത കൈകള്‍ നീണ്ടു വരുന്നതായും,അവ തന്നെ തഴുകി തലോടുന്നതായും അവള്‍ക്കു തോന്നി.
കുഞ്ഞായിരിക്കുമ്പോള്‍,ചേട്ടനോടും ചേച്ചിയോടും തല്ലു കൂടിയാല്‍ പരാതി പറയാന്‍ ഓടി ചെല്ലുന്നത് അമ്മയുടെ അടുത്തേക്കാണ്..
പരാതിയെല്ലാം കേട്ടു കഴിഞ്ഞാല്‍,ഉറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭരണിയില്‍ നിന്നും ചിരട്ടത്തവി കൊണ്ട് കുറച്ചു വെണ്ണ ഒരു പളുങ്ക് പാത്രത്തില്‍ പകര്‍ന്ന് അതിനു മീതെ നല്ല വെളുവെളുങ്ങനുയുള്ള പഞ്ചാര തൂവി കഴിക്കാന്‍ തരുമായിരുന്നു.
അത് കിട്ടിയാലുടനെ താന്‍ ആ പളുങ്ക് പാത്രവുമായി പടിഞ്ഞാറു വശത്തുള്ള അലക്കു കല്ലില്‍ ചെന്നിരിക്കും,അപ്പോഴേക്കും ചേട്ടനും ചേച്ചിയും നാവ് നീട്ടിക്കൊണ്ട് അടുത്തേക്ക്‌ വന്നിട്ടുണ്ടാകും.വഴക്ക് കൂടിയപ്പോള്‍ കിട്ടിയ അടിയെല്ലാം അപ്പോള്‍ തിരിച്ചു കൊടുക്കും.അതോടെ വഴക്കെല്ലാം മാറി ഞങ്ങള്‍ മൂന്ന് പേരും കൂടി ആ വെണ്ണയെല്ലാം തിന്നു തീര്‍ക്കും.
അപ്പന്‍റെ കോടതിയിലേക്ക് കേസുകള്‍ റഫര്‍ ചെയ്യുന്നതിന് മുന്‍പ് അമ്മയുടെ വക വേറെ ചില ഒത്തുതീര്‍പ്പുകളുമുണ്ട്.
അമ്മമാര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചില തീര്‍പ്പുകള്‍.
ആ ഒത്തുതീര്‍പ്പുകള്‍ക്ക് അമ്മ വലിയ ഫീസൊന്നും ഈടക്കിയിരുന്നില്ല.
ഞങ്ങളുടെ കയ്യില്‍ വെറുതെയിരിക്കുന്ന ഉമ്മയോ,മുത്തമോ ആ കവിളിലോ,നെറ്റിയിലോ കൊടുത്താല്‍ മതി.അന്നൊക്കെ അമ്മമാര്‍ക്ക് സന്തോഷിക്കാന്‍ അതൊക്കെ ധാരാളം മതിയായിരുന്നു.
ധാരാളിത്തമില്ലാത്ത കുഞ്ഞു ജീവിതങ്ങള്‍!.
മഴക്കാലമായാല്‍ അമ്മയുടെ ഞൊറിവാലില്‍ തൂങ്ങി വാല് പോലെ എപ്പോഴും താനുമുണ്ടാകും.അങ്ങനെ നടക്കാന്‍ ഒത്തിരി കാരണങ്ങളുണ്ട്.
ഒന്ന്,ഇടയ്ക്കിടെ ഉണ്ടാകുന്ന ഇടിവെട്ടും,മിന്നലും..അപ്പോള്‍ അമ്മയെ ഇങ്ങനെ കെട്ടിപ്പിടിച്ച് ആ മാറില്‍ ചാഞ്ഞിരിക്കാം.ആ മാറില്‍ ചാഞ്ഞിരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുരക്ഷിത ബോധം മറ്റെവിടെപ്പോയാലും കിട്ടില്ല.അമ്മക്ക് നല്ല കൈതപ്പൂവിന്‍റെ സുഗന്ധമായിരുന്നു.
മറ്റൊന്ന്,കൈതപ്പൂവിന്‍റെ സുഗന്ധമേറ്റ് ആ മാറില്‍ ചാഞ്ഞിരിക്കുമ്പോള്‍ അമ്മ ഉണ്ടാക്കിത്തരുമായിരുന്ന ആ കട്ടന്‍ചായ.പുറത്തു നല്ല മഴയുള്ളപ്പോഴാണ്  സാധാരണയായി അമ്മ ആ കട്ടന്‍ചായ ഉണ്ടാക്കിത്തരുന്നത്.നല്ല ചൂടുള്ള കട്ടന്‍ ചായയില്‍ ധാരാളം പഞ്ചസാരയൊക്കെയിട്ടു,വെളുത്ത ചില്ല് ഗ്ലാസില്‍ പകര്‍ന്നു കുടിക്കാന്‍ തരും.അതിനു ശേഷമാണ് അമ്മയുടെ ആ പൊടിക്കൈ പ്രയോഗം.നല്ല കുത്തരിയുടെ നുറുങ്ങുകള്‍ വറുത്തെടുത്ത് കട്ടന്‍ ചായക്ക്‌ മുകളില്‍ വിതറും.പുറത്തു മഴ കോരിച്ചൊരിയുമ്പോള്‍ അമ്മയുടെ മടിയിലിരുന്ന്,മഴയുടെ സൌന്ദര്യം ആസ്വദിച്ച് ആ കട്ടന്‍ചായ ഊതി...ഊതി മൊത്തി..മൊത്തി കുടിക്കാന്‍ എന്ത് രസമായിരുന്നെന്നോ!.
എത്ര അനായാസമായാണ് അമ്മ തന്‍റെ ആറു മക്കളേയും വളര്‍ത്തി വലുതാക്കിയത്.ഞങ്ങള്‍ കുട്ടികളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ അമ്മക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.
എന്നാല്‍ തനിക്കോ?.ഈ ഒരൊറ്റ കുട്ടിയെ പോലും ലാളിച്ചു വളര്‍ത്താന്‍ സാധിക്കുന്നില്ല.
എത്രനാളായി നാട്ടിലുള്ള അമ്മയെ ഒന്ന് വിളിച്ചിട്ട്?.തന്നെ ഒന്ന് കാണാന്‍,തന്‍റെ ഒരു വിളി കേള്‍ക്കാന്‍,അമ്മ എന്ത് മാത്രം കൊതിക്കുന്നുണ്ടാവും?.
അമ്മയെ വിളിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ്,മകന്‍റെ നെറ്റിയില്‍ നനച്ചിട്ടിരുന്ന തുണി ഉണങ്ങി പോയിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചത്.തുണി വീണ്ടും നനച്ച് നെറ്റിയില്‍ ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ഇടംകണ്ണാല്‍ അവന്‍ അവളെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
മമ്മി...ഹഗ് മി”.
അവന്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളോട്‌ കെഞ്ചി.
അവനെ മടിയിലിരുത്തി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് മഴ അവളുടെ ലാസ്യ നടനം തുടങ്ങിയിരുന്നു.
ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കെല്ലാം എന്നന്നേക്കുമായി അവള്‍ ചിരിക്കുന്ന ഒരു സ്മൈലിപോസ്റ്റ്‌ ചെയ്തു.ഇതുവരെ കാണാത്ത കൂട്ടുകാര്‍ക്കു വേണ്ടി ഇനിയൊരു കുടുംബകലഹം വേണ്ട എന്നവള്‍ മനസ്സിലുറപ്പിച്ചു.കുടുംബത്തിനുവേണ്ടി കുറച്ചു സമയം കണ്ടെത്തണം.
മൊബൈല്‍ ഫോണ്‍ അലമാരയില്‍ എടുത്തു വെക്കുമ്പോള്‍ പുറകില്‍ ജോസൂട്ടന്‍റെ കാല്‍പെരുമാറ്റം.ജോസൂട്ടന്‍റെ പനിയെല്ലാം കുറഞ്ഞെന്നു തോന്നുന്നു.അവന്‍ സന്തോഷത്തോടെ അവിടെല്ലാം ഓടിച്ചാടി നടക്കുന്നുണ്ട്.
പുറത്തു കാറിന്‍റെ ഡോര്‍ ശക്തിയായി അടയുന്ന ശബ്ദം കേട്ടവള്‍ ജാലകവിരിയിലൂടെ പുറത്തേക്ക് നോക്കി.ഭര്‍ത്താവ് ജോലി കഴിഞ്ഞ് വരുന്നുണ്ട്.
പുഞ്ചിരിച്ചുകൊണ്ട് കതകു തുറന്ന്,കയ്യിലിരുന്ന ടവല്‍ കൊണ്ട് അയാളുടെ തല തുവര്‍ത്തികൊണ്ടിരിക്കുമ്പോള്‍,അയാളുടെ മുഖത്തെ ആശ്ചര്യഭാവം അവള്‍ കണ്ടില്ലെന്നു നടിച്ചു.
പുറത്തെ മഴയുടെ സൌന്ദര്യം ആസ്വദിച്ച് ജനാലക്കരികില്‍ നില്‍ക്കുന്ന അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അയാള്‍ സ്നേഹപൂര്‍വ്വം നോക്കിനില്‍ക്കേ,അവരുടെ ഇടയിലേക്ക് തിക്കിത്തിരക്കി ജോസൂട്ടന്‍ കയറി വന്നു.
അമ്മയുടെ ആ സ്പെഷ്യല്‍ കട്ടന്‍ചായ ഒന്നു പരീക്ഷിച്ചു നോക്കിയാലോ?.
അമ്മയുടെ അതിവിശിഷ്ടമായ ആ കട്ടന്‍ചായ അച്ചായനും,ജോസൂട്ടനും മൊത്തി മൊത്തി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാളുടെ മുഖത്തെ ആശ്ചര്യ ഭാവം ഒരു മന്ദഹാസത്തിനു വഴിമാറി.
ആ സമയം തുറന്നു കിടക്കുന്ന ജനല്‍പ്പാളിയില്‍ക്കൂടി കൈതപ്പൂവിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം മുറിയാകെ വന്നു നിറയുന്നതു പോലെ അവള്‍ക്കു തോന്നി...


No comments:

Post a Comment