Saturday 6 January 2018

പോത്തിറച്ചി





പോത്തിറച്ചി
**************
ചെറുകഥ
റോയ് പാനികുളം

ചക്ക.......ചക്കച്ചാമ്പ....

ങേ! ഈ മദാമ്മക്കൊച്ച് എന്താ ഈ പറയുന്നത്!.
 
ഞാന്‍ ചെവികള്‍ വട്ടം പിടിച്ചു,കാതുകള്‍ കൂര്‍പ്പിച്ചു.

ഇവിടെ ബ്രിട്ടണില്‍ വന്നതില്‍ പിന്നെ ഈ ഞാന്‍ ഇങ്ങനെയാണ്.

“ചക്ക” എന്ന വാക്ക് എവിടെ കേട്ടാലും ഞാനെന്‍റെ ചെവികള്‍ വട്ടം പിടിക്കും കാതുകള്‍ കൂര്‍പ്പിക്കും.

കാര്യം എന്താണന്നല്ലേ?,പറയാം.

സംഭവം എന്‍റെ ഈ നെടുനെടുങ്കന്‍ പേര്  തന്നെ.

“ചക്കച്ചാമ്പറമ്പില്‍ കൊച്ചുവറീത് ഇഗ്നേഷ്യസ്”.

എങ്ങനുണ്ട്?.വിളിക്കാന്‍ പറ്റുന്നുണ്ടോ?.

ഇല്ലാ.....അല്ലേ?.അതാണ് പ്രശ്നം.

നമ്മള്‍ മലയാളികള്‍ക്കു പോലും എന്‍റെ മുഴുവന്‍ പേര് പെട്ടന്ന് വിളിക്കാന്‍ പറ്റുന്നില്ല.
പിന്നെയല്ലേ ഈ മദാമ്മാക്കൊച്ചുങ്ങള്!.

ആ മദാമ്മ നഴ്സിന്‍റ നാക്ക്‌ പല്ലിന്‍റെ ഇടയില്‍ കുടുങ്ങുന്നതിനു മുന്‍പേ  ഞാന്‍ ഓടി ചെന്നു ഹാജര്‍ കൊടുത്തു.

ഈയിടെയായി ചെറിയ ഒരു തലകറക്കം.എന്തായാലും ഡോക്ടറെ ഒന്ന് കണ്ടേക്കാം എന്ന് വിചാരിച്ചു ഹോസ്പിറ്റല്‍ വരെ ഒന്ന് വന്നതാണ്‌.

ഡോക്ടറെ കാണാന്‍ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ജന്മം തന്ന അപ്പനോടും അമ്മയോടും വല്ലാത്ത അമര്‍ഷം തോന്നി.

അവരാണല്ലോ! ഈ കടിച്ചാല്‍ പൊട്ടാത്ത നാമധേയം എനിക്ക് കല്‍പ്പിച്ചു തന്നവര്‍.

സ്വന്തം പേരിനു മുന്‍പ് തലേക്കെട്ടായി കടിച്ചാല്‍ പൊട്ടാത്ത വീട്ടുപേരും,
അപ്പന്‍റെയോ,അപ്പാപ്പന്‍റെയോ പേരും അതിനു ശേഷം സ്വന്തം പേരും.

എന്താല്ലേ?.

എന്‍റെ പേരിനു മുന്‍പിലുള്ളത് മരിച്ചു പോയ അപ്പാപ്പന്‍റെ പേരാണ്.

തൃശ്ശൂരിലെ പേരു കേട്ട അരിക്കച്ചവടക്കാരന്‍ കൊച്ചുവറീതിന്‍റെ പേര്.

സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ഈ പേര് എനിക്കൊരു അലങ്കാരമായിരുന്നു.

തൃശ്ശൂരിലെ പേരുകേട്ട തറവാട്ടിലെ,പേരുകേട്ട ബിസിനസ്സുകാരന്‍ അപ്പാപ്പന്‍റെ ഇളമുറക്കാരന്‍.

എവിടെ കയറിചെന്നാലും ഒരു കസേരയും ചായയും ഉറപ്പായിരുന്ന കാലം.

അതൊരു കാലം.

മധുരിക്കുന്ന ഓര്‍മ്മകള്‍ എനിക്കു നല്‍കിയ എന്‍റെ കുട്ടിക്കാലം.

അങ്ങനെയിരിക്കെ....അപ്പന്‍സിനൊരാഗ്രഹം.

മകനെ ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിക്കണം.

ദങ്ങനെയാണ് ഈ ഞ്യാന്‍ ദിവിടെയെത്തിയത്.

ഇംഗ്ലണ്ടിലെത്തി പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍,
ദാണ്ടേ.....എനിക്കൊരാഗ്രഹം.

വളയിട്ട കൈകൊണ്ടു കൊണ്ട് വിളമ്പിയ കുത്തരിചോറും,നല്ല നാടന്‍ കറികളും കൂട്ടി ആഹാരം കഴിക്കണം.

ആഗ്രഹങ്ങള്‍ ചൂണ്ടിയ വഴിയേ ഞാന്‍ മുന്നോട്ടു പോയി.

നാട്ടില്‍ പോയി ആര്‍ഭാടമായി പെണ്ണ് കെട്ടി,പെമ്പ്രന്നോത്തിയേയും കൂട്ടി  ഇങ്ങോട്ട് പോന്നു.

മധുവും.വിധുവും,വിധുബാലയും ഒക്കെയായി മധുവിധു കാലം ഞങ്ങള്‍ ലണ്ടനില്‍ അടിച്ചു പൊളിച്ചു.

വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല...

ഉണ്ണികള്‍...

ഒന്ന്...

രണ്ട്...

മൂന്ന്...

എന്‍റെമ്മോ! ദാണ്ടേ...നാല്.

നാലാമത്തെ സന്താനത്തെ പ്രസവിച്ച് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ആലീസ് പറഞ്ഞു.
“ഇനിയെങ്ങാനും ഇക്കാര്യം പറഞ്ഞോണ്ട് ഇങ്ങോട്ടെങ്ങാനും വന്നാല്.....അറിയാലോ?”.

അവളുടെ തനിക്കൊണം അറിയാവുന്ന ഞാന്‍ പൂച്ചയെ പോലെ വാല് മടക്കി,മിണ്ടാതെ മൃക്കാതെ ഒരു മൂലയ്ക്ക് പോയിരുന്നു.

പെണ്ണ് കാണാന്‍ ചെന്നമ്പോള്‍ എന്തൊരു നാണമായിരുന്നു ഇവള്‍ക്ക്!.

ഇപ്പൊ കണ്ടോ?.കല്യാണശേഷം ഇവളുമാരുടെ സ്വഭാവം മാറുന്നത്.

കുഞ്ഞുങ്ങളും,കുഞ്ഞുകുട്ടി പരാതീനങ്ങളുമായി ജീവിതം അങ്ങനെ   കുശാലായി മുന്നേറുകയാണ്.

അപ്പോള്‍ അതാ,അപ്പന്‍സിനു വീണ്ടുമൊരാഗ്രഹം.

ദൈവമേ! ഈ അപ്പന്‍മാരുടെ ഓരോരോ ആഗ്രഹങ്ങളേ!

മരിക്കുന്നതിനു മുന്‍പ്,അമ്മച്ചിയോടൊപ്പം ബ്രിട്ടണില്‍ വന്ന്‌ ഞങ്ങളോടൊപ്പം കുറച്ചു നാള്‍ ഉണ്ടുറങ്ങി കുളിച്ചു താമസിക്കണം.

ഒട്ടും മടിച്ചില്ല,ഉടനെ കൊടുത്തു.വിസിറ്റിംഗ് വിസയും ഫ്ലൈറ്റ് ടിക്കറ്റും.

നല്ല ഒരു ബ്രിട്ടീഷ്‌ സമ്മര്‍ കാലത്ത് നാട്ടിലെ വെയിലും കൊണ്ട് അപ്പച്ചനും അമ്മച്ചിയും ഇവിടെ പറന്നിറങ്ങി.

അപ്പച്ചനും അമ്മച്ചിയ്ക്കും ഒത്തിരി ഒത്തിരി കൌതുകങ്ങള്‍ കരുതി വച്ചിരുന്നു സായിപ്പിന്‍റെ ഈ നാട്.

ഞങ്ങള്‍ ആ കൌതുക കലവറകള്‍ ഒന്നൊന്നായ് അവര്‍ക്കായി തുറന്നു കൊടുത്തു.
ബ്രിട്ടീഷ്‌ സമ്മര്‍ അവര്‍ ശരിക്കും ആസ്വദിച്ചു.

അങ്ങനെയിരിക്കെ,ഞങ്ങള്‍ രണ്ടു പേരും ജോലിക്ക് പോയി തിരിച്ചു വന്ന ഒരു ദിവസം.
കാറില്‍ നിന്നും ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോള്‍ വീടിനു ചുറ്റും  കറികളുടെ ഒരു സുഗന്ധക്കൂട്ട് പരന്നു നില്‍ക്കുന്നു.
 
ഓ! അത് ഇവിടെ എല്ലാ മലയാളികളുടെയും വീട്ടിലേക്കു കയറുമ്പോള്‍ കിട്ടുന്ന മണമല്ലേ! എന്നായിരിക്കും നിങ്ങളുടെ ചിന്ത.

അത് കറക്റ്റ്.

പക്ഷെ! ഇത് നല്ല വറുത്തരച്ച നാടന്‍ പോത്തിറച്ചി വരട്ടിയ മണം.

അവന്‍ ഗുമു...ഗുമാ...മൂക്കിലേക്ക് അടിച്ചു കയറുന്നു.

നല്ല നാടന്‍ കുരുമുളക് പൊടിയൊക്കെ ചേര്‍ത്തിളക്കി,ഒരു പെരളന്‍ പരുവത്തില്‍ അവന്‍,അങ്ങനെ,ചട്ടിയില്‍ കിടന്നു വിറക്കുകയാണ്.

നല്ല നെയ്യോടു കൂടിയ പോത്തിറച്ചി വരട്ടിയത്.

എന്‍റെ ഇളയ സന്താനം ഉണ്ണിക്കുട്ടന് ഏറ്റവും ഇഷ്ടപെട്ട കറി.

അവനു അതിലെ നെയ്ത്തുണ്ടമാണ് ഏറെ ഇഷ്ടം.

അതറിയാവുന്ന എന്‍റെ പ്രിയതമ വളയിട്ട,അവളുടെ ആ കൈകൊണ്ടു കുറച്ച്  ഇറച്ചി കഷണങ്ങളും അതിലേറെ നെയ്‌ തുണ്ടങ്ങളും ഒരു പാത്രത്തിലേക്ക് പകര്‍ന്നു.

അതിനു ശേഷം അവള്‍ ഉണ്ണിക്കുട്ടനെ നീട്ടി വിളിച്ചു.
“ഉണ്ണിക്കുട്ടാ....” “ഓടി വാ”

“ദേ...മമ്മി എന്താ മോന് എടുത്തു വച്ചിരിക്കുന്നത് എന്ന് നോക്കിയേ?”

“നല്ല സ്റ്റോഫായ ബീഫ് കറി”.

നല്ല സോഫ്റ്റ്‌ ആയ നെയ്‌കഷണത്തിനെ അവന്‍ സ്റ്റോഫായ പീസ് എന്നാണ് പറയുന്നത്.

ഉണ്ണിക്കുട്ടന്‍റെ കുഞ്ഞു വായിലേക്ക് ആലീസ് ഒരു സ്റ്റോഫായ പീസ് എടുത്തു വച്ചു കൊടുത്തു അവന്‍ ആര്‍ത്തിയോടെ അത് തിന്നുവാന്‍ തുടങ്ങി...

“ത്പ്പൂ”! അവന്‍ പുറത്തേക്ക് ഒറ്റത്തുപ്പ്‌.

“ത്പ്പൂ”! “ത്പ്പൂ”!.

ഡൈനിംഗ് ടേബിള്‍ മുഴുവന്‍ അവന്‍ തുപ്പിക്കൂട്ടി വൃത്തികേടാക്കി. 

“ഉണ്ണിക്കുട്ടാ”! ആലീസ് ഉച്ചത്തില്‍ അലറി.

“എന്തായിത്?”

ഉച്ചത്തിലുള്ള അവളുടെ അലര്‍ച്ച കേട്ടു ഞാന്‍ ഓടിച്ചെന്നു.

പാവം ഉണ്ണിക്കുട്ടന്‍ പേടിച്ചു വിറച്ചു നില്‍ക്കുന്നു.

ഞാന്‍ ക്ഷമയോടെ അവനോടു കാര്യങ്ങള്‍ തിരക്കി.

“ഡാഡി...”

“ഇറ്റ്‌ ഈസ്‌ നോട്ട് സ്റ്റോഫ് പീസ്‌”

ഞാന്‍ പോത്തിറച്ചി വരട്ടിയതിലേക്ക് സൂക്ഷിച്ചു നോക്കി.

“ഡാഡി...ടേക്ക് ദാറ്റ്‌ പീസ്‌”

അവന്‍ പറഞ്ഞ നെയ്‌കഷണം ഞാന്‍ പാത്രത്തില്‍ നിന്നും എടുത്തു രുചിച്ചു നോക്കി.

“ത്പ്പൂ”! അവനെപ്പോലെ ഞാനും അത് പുറത്തേക്ക് തുപ്പി.

ഇത് കണ്ട ആലീസിനു ഒന്ന് കൂടി കലിയിളകി.

“നിങ്ങളെന്താ! ഈ കാണിക്കുന്നത്!”.

“ദെഷ്യഗഡികള്‍!”.

അവള്‍ വലത്തെ കയ്യുടെ തള്ള വിരല്‍ മേലേക്കുയര്‍ത്തി വലത്തോട്ടു രണ്ടു പ്രാവശ്യം വെട്ടിച്ച്,അതേ സമയം തന്നെ തല മേലേക്കുയര്‍ത്തി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചിട്ട് പിന്നെയും പറഞ്ഞു.

“ദെഷ്യഗഡികള്‍!"

അവള്‍ക്കു ദേഷ്യം വരുമ്പോള്‍ അവള്‍ ഞങ്ങളെ വിളിക്കുന്ന പേരാണ്.

“ദെഷ്യഗഡികള്‍”.

“പോത്തിറച്ചിയില്‍ നെയ്കഷണത്തിനു പകരം കട്ടിയുള്ള സ്പോഞ്ച് കഷണം ആണെടി പോത്തെ!”
.
ഞാന്‍ ആക്രോശിച്ചു. 
  
ബഹളം കേട്ട് അപ്പനും അമ്മയും അടുക്കളയിലേക്കു ഓടി വന്നു.

“ഇതെങ്ങനെ പറ്റി?”

ഞാന്‍ അമ്മയോട് ചോദിച്ചു.

അമ്മയാണല്ലോ ഈ കറിയുടെ സൃഷ്ടി കര്‍മം നടത്തിയ മഹതി.

“ഡാ....മോനെ ഇക്ണു”.

നീ ഇന്നലെ ആസാദിന്‍റെ കടയില്‍ (ASDA SUPER MARKET) നിന്നും വാങ്ങിത്തന്ന പോത്തിറച്ചി പ്ലാസ്റ്റിക്‌ ബോക്സ്‌ തുറന്നു നുറുക്കിയത് അപ്പച്ചനാണ്.

“അതില്‍ ഇറച്ചിയുടെ അടിയില്‍ മാറ്റി വെച്ചിരുന്ന നെയ്കഷണവും  അപ്പച്ചന്‍ ഇതില്‍ നുറുക്കി ഇട്ടിരുന്നു”.

ഞാന്‍ എന്‍റെ രണ്ടു കയ്യും തലയുടെ പുറകില്‍ ചേര്‍ത്തു വച്ചിട്ട് പറഞ്ഞു.

“ഓ! എന്‍റെ അപ്പച്ചാ!”. “അപ്പച്ചന്‍ അതും നുറുക്കി കറിയില്‍ ഇട്ടോ?”.

അപ്പച്ചനും അമ്മച്ചിയും എന്നെ കണ്ണു മിഴിച്ചു നോക്കി.

അവര്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

“ഹെന്‍റെ അമ്മച്ചി,അത് ഇറച്ചിയിലെ ചോരയും വെള്ളവും വലിച്ചെടുക്കാന്‍ വച്ചിരിക്കുന്ന സ്പോഞ്ചല്ലേ!”.

ഇത് കേട്ടതും കലി മൂത്ത്,കുലംകുത്തിയായി നിന്ന ആലീസ് പൊട്ടിച്ചിരിച്ചു.

ഞങ്ങളെല്ലാം ആ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്നു,അതിനിടയില്‍ അപ്പച്ചന്‍റെ അവ്യക്തമായ സ്വരം...

“ഓ! എന്നാലും,ഈ സായിപ്പിന്‍റെ ഓരോ കണ്ടുപിടുത്തങ്ങളേ!”.


വാല്‍ക്കഷണം:

നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് മുന്‍പ് മമ്ടെ അമ്മച്ചി ഒരു സാധനാ അലക്കി.

മമ്ടെ തൃശ്ശൂപൂരത്തിന്... അമിട്ടാ പൊട്ടണ പോലത്തെ ഒരുജ്ജാതി സാധനം.

നല്ല ഉശിരന്‍ പോത്തിറച്ചി വരട്ടിയത്.

ആലീസ് വരെ സമ്മതിച്ചു കൊടുത്ത  രുചിയുടെ ആ പൂരപ്പെരുമ.

ന്നാ പിടിച്ചോ!

ആവശ്യമുള്ള സാധനങ്ങള്‍:

നല്ല നെയ്യോടു കൂടിയ പോത്തിറച്ചി - ഒരു ഒന്നന്നര കിലോ

ചുവന്നുള്ളി – പത്ത് ചുള

തക്കാളി പേസ്റ്റക്കിയത് - മൂന്ന് ടീ സ്പൂണ്‍

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ച മുളക് – അഞ്ചെണ്ണം

വെളുത്തുള്ളി – അഞ്ചോ,ആറോ അല്ലി

വേപ്പില _ മൂന്ന് കതിര്‍ (തണ്ടോട് കൂടിയത്)

മല്ലിപ്പൊടി – രണ്ടു ടീ സ്പൂണ്‍

മുളക് പൊടി – ഒരു സ്പൂണ്‍

കുരുമുളക് പൊടി – ഒരു ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ടീ സ്പൂണ്‍

ഇറച്ചി മസാല – മൂന്ന് ടീ സ്പൂണ്‍

നാടന്‍ വെളിച്ചെണ്ണ - മൂന്ന് ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ചൂടായ പത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ നന്നായി ചൂടായ  ശേഷം ചതച്ചു വച്ചിരിക്കുന്ന ചുവന്നുള്ളിയും,ഇഞ്ചിയും,പച്ചമുളകും,തക്കാളി പേസ്റ്റും,കുറച്ചു വേപ്പിലയും ചേര്‍ത്തു വഴറ്റുക.ഈ ചേരുവകളെല്ലാം കുറച്ചു വഴന്നതിനു ശേഷം,ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക (വെളുത്തുള്ളി പെട്ടെന്ന് കരിയും അതുകൊണ്ടാണ് ആദ്യം ചേര്‍ക്കാതിരുന്നത്).ഇതിലേക്ക് മഞ്ഞള്‍ പൊടി,മല്ലിപ്പൊടി ഇവ ചേര്‍ത്ത് ഒന്നിളക്കുക.അതിനു ശേഷം കുരുമുളക് പൊടി, ഇറച്ചി മസാല,മുളക് പൊടി ഇവ ചേര്‍ത്തു നന്നായി വഴറ്റുക.ഇതിലേക്ക് അരിഞ്ഞു കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന നെയ്യോടുകൂടിയ പോത്തിറച്ചി ചേര്‍ത്തു വെള്ളം വറ്റി കുഴമ്പ് പരുവമാകുന്നതു വരെ വേവിക്കുക.വെന്തുവരുമ്പോള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കുക. 

പൊടിക്കൈ:വെന്തുകഴിഞ്ഞതിനു ശേഷം,തീ അണച്ച് വച്ച് കുറച്ചു പച്ച വെളിച്ചണ്ണയും,വേപ്പിലക്കതിരും കറിയുടെ മുകളില്‍ തൂവുക.അഞ്ചു മിനിട്ട് അടച്ച് വച്ചതിനു ശേഷം,പാത്രം തുറന്നു ചൂടോടെ വിളമ്പുക.

നടുക്കഷ്ണം:

ഇത് പോലത്തെ നല്ല തനിനാടന്‍ ഭക്ഷണസാധനങ്ങള്‍ സ്നേഹത്തില്‍ ചാലിച്ച് വച്ച് വിളമ്പിക്കൊടുത്താല്‍ ഏതു ഭര്‍ത്താവും വീഴും.തെന്നി,തെന്നി വീഴും.

പിന്നെ, വീട്ടില്‍ പുലിയെപ്പോലെ പെരുമാറുന്ന മോശടന്മാരായ ഭര്‍ത്താക്കന്മാരെ  എലിയെപ്പോലെ ആക്കി,ഭാര്യമാര്‍ക്ക് സ്വന്തം ഉള്ളം കയ്യിലിട്ടു അമ്മാനമാടാം.  
                 





  

No comments:

Post a Comment