Saturday 27 August 2016

അരുവാതോട്ടി മിനിക്കഥ

അരുവാതോട്ടി
മിനിക്കഥ
റോയ് പാനികുളം

നേരം പര പരാ വെളുക്കുന്നതെയുള്ളു.അയ്യപ്പന്‍ കിടക്കപായയില്‍ എഴുന്നേറ്റിരുന്ന് ഒരു റോജ ബീഡിക്കു തീകൊളുത്തി.
കാളക്കൂറ്റന്‍ ഉടമസ്ഥനെ കാണാതെ തൊഴുത്തില്‍ കിടന്ന് അമറുന്നു.
അപ്പോഴാണ് അയ്യപ്പന്‍ മീനാക്ഷിയമ്മ പറഞ്ഞ കാര്യം ഓര്‍മിച്ചത്‌ .ഉടനെ കയ്യിലിരുന്ന ബീഡി ചാണകം മെഴുകിയ തറയില്‍ കുത്തിക്കെടുത്തി എഴുന്നേറ്റു.തൊഴുത്തില്‍ ചെന്ന് കാളക്കൂറ്റനെ അഴിച്ചു പുറത്തേക്ക് കെട്ടി .
തിടുക്കത്തില്‍ ഒരു കട്ടന്‍ ചായ തിളപ്പിച്ച്‌ കുടിച്ച്, മീനാക്ഷിയമ്മയുടെ വീട്ടിലേക്കു നടന്നു.
“കൊച്ചമ്മാ.... കൊച്ചമ്മാ....”
ഇതാരാണ് രാവിലെ തന്നെ മുറ്റത്തു നിന്നു വിളിക്കുന്നത്‌.
ശരീരം അരയ്ക്കു കീഴോട്ടു തളര്‍ന്നു പോയ ഭര്‍ത്താവിന്‍റെ ശരീരം നനച്ചു തുടക്കുകയായിരുന്നു ആ സമയം മീനാക്ഷിയമ്മ.
കുലീനത്വമുള്ള,വെളുത്തു സുന്ദരിയായ ഒരു സ്ത്രീയായിരുന്നു മീനാക്ഷിയമ്മ.
തുടച്ചു കൊണ്ടിരുന്ന തുണി താഴെയിട്ടു മുന്‍വശത്തേക്ക് ചെന്നപ്പോള്‍,അതാ
കാളക്കൂറ്റനെയും പിടിച്ചുകൊണ്ട് അയ്യപ്പന്‍ നില്‍ക്കുന്നു.
കാവി നിറത്തിലുള്ള ഒരു മുണ്ടു മാത്രമാണ് വേഷം. വെറ്റില മുറുക്കു കാരണം പല്ലില്‍ കറുത്ത കറ ഒട്ടി പിടിച്ചിരിക്കുന്നു.ചപ്രതലമുടി.ബലിഷ്ടമായ ഒത്ത ശരീരം.അപൂര്‍വമായേ ചിരിക്കാറുള്ളൂ...ചിരിക്കുമ്പോള്‍ നടുവിലെ ഒരു പല്ല് നഷ്ടപ്പെട്ട വിടവ് എടുത്തു കാണാം.
അയാളുടെ മുഖവും അയാളുടെ ആ നോട്ടവും മീനാക്ഷിയമ്മക്കു തീരെ പിടിച്ചില്ല .വൃത്തികെട്ടവന്‍!!! നോക്കുന്ന നോട്ടം കണ്ടില്ലേ? .ഇവനൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ?.രാവിലെ തന്നെ വന്നു കയറിക്കൊള്ളും അശ്രീകരങ്ങള്‍ !!.
“കൊച്ചമ്മാ........എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത് നോക്കുന്നത്?”
”കൊച്ചമ്മ പറഞ്ഞിട്ടല്ലേ ഞാന്‍ രാവിലെ തന്നെ എവിടെയും പോകാതെ ഇങ്ങോട്ട് തന്നെ വന്നത്”.
“മറന്നു പോയോ?”
ഓ... അക്കാര്യം ഞാനങ്ങു മറന്നു...
“ഇപ്രാവശ്യമെങ്കിലും എന്‍റെ കന്നിനു ചെന പിടിക്കുമോ?”
 “കൊച്ചമ്മ വിഷമിക്കാതെ പഴയ കാളക്കൂറ്റനെ ഞാന്‍ വിറ്റു”.
“ഇവന്‍ പുതിയത്”
 “നല്ല **അരുവാത്തോട്ടി പോലുള്ള സാധനല്ലേ ഇവന്‍റെ “
“എവനൊന്നു കേറി ഇറങ്ങിയാല്‍ ഏതു മച്ചിപ്പശു പോലും ചെന പിടിക്കും”
“പശുവിനുമില്ലേ കൊച്ചമ്മേ ആഗ്രഹങ്ങള്‍?.”
“കുത്തി വെപ്പെടുത്താല്‍ അതു നടക്കുമോ ?”
മീനാക്ഷിയമ്മ ആകെ നാണിച്ചു പോയി,പക്ഷെ അത് പുറത്തു പ്രകടിപ്പിക്കാതെ
ഉറക്കെ പറഞ്ഞു .
“താന്‍ കൂടുതല്‍ കിന്നരിക്കാതെ തൊഴുത്തില്‍ ചെന്ന് പശുവിനെ അഴിച്ചു പുറത്തേക്ക് കെട്ട് “ .
അയ്യപ്പന്‍ പുറകു വശത്തു കൂടി തൊഴുത്തില്‍ ചെന്ന് പശുവിനെ പിടിച്ചു കുറുന്തൊഴുത്തില്‍ കെട്ടി കാളക്കൂറ്റനെ അഴിച്ചു വിട്ടു.
പശുവിനെ കണ്ടതും കാളക്കൂറ്റന്‍ അവളെ ചുറ്റിപ്പറ്റി മണം പിടിച്ചു നടന്നു.
ആ സമയം, മീനാക്ഷിയമ്മ എടുത്തു വച്ച ചായ കുടിക്കാനായി അയ്യപ്പന്‍ അവരുടെ വീടിന്‍റെ ഇറയത്തേക്കു കയറി പോയി .
മാസങ്ങള്‍ക്ക് ശേഷം.......
ഒരു ദിവസം രാവിലെ അന്ത്രുക്കാന്‍റെ ചായക്കടയിലിരുന്നു അയ്യപ്പന്‍ ചായകുടിക്കുകയായിരുന്നു.
അന്ത്രുക്ക കറപിടിച്ച ചില്ല് ഗ്ലാസ്സുകളിലേക്ക് ചായ പതപ്പിച്ചു വീത്തി.അതിനു ശേഷം ചൂടുള്ള ചായ ഓരോരുത്തര്‍ക്കും കൊടുക്കുന്നതിനിടയില്‍ പറഞ്ഞു.
“അറിഞ്ഞാ ?”
“നമ്മുടെ കാവോത്തെ മീനാക്ഷിയമ്മയും  അവരുടെ പശുക്കുട്ടിയും ഗര്‍ഭിണിയാണെന്ന്”.
ഇന്നലെ നാമ്പ് വറീത് ചേട്ടന്‍ പാല് തരാന്‍ വന്നപ്പോള്‍ പറഞ്ഞതാണ്‌.
വെപ്രാളത്തോടെ ചൂട് ചായ എടുത്തു കുടിച്ച അയ്യപ്പന്‍റെ നാക്ക്‌ പൊള്ളി.


** നാട്ടിന്‍ പുറങ്ങളില്‍ ചക്കയും മാങ്ങയും മറ്റും പറിക്കാന്‍, തോട്ടിയുടെ അറ്റത്തു വച്ചുകെട്ടി ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത അരിവാള്‍.

No comments:

Post a Comment