Saturday 13 August 2016

പിണക്കവും ...ഇണക്കവും










പിണക്കവും….
ഇണക്കവും.....

റോയ് പാനികുളം

ചെറുകഥ 



ക്ലാ..........ക്ലാ...........ക്ലാ
ക്ലീ.............ക്ലീ............ ക്ലീ
ക്ലൂ........... ക്ലൂ......... ക്ലൂ

സുരേഷ് തിരിഞ്ഞു നോക്കിയില്ല......
പക്ഷെ പയ്യന്‍സ് തിരിഞ്ഞു നോക്കി........
എവിടുന്നാണീ ശബ്ദം ?.
ഓ!!! അതോ ?...
അത്... ജോ എന്ന് ഞങ്ങള്‍ വിളിക്കുന്ന,ഞങ്ങളുടെ പുന്നാര തത്തമ്മയുടേതല്ലേ ??....
ജനലില്‍ കൂടി സൂര്യ വെളിച്ചം അതി രാവിലെ തന്നെ ശക്തിയായി കിടപ്പുമുറിയിലേക്ക് അടിച്ചു കയറുന്നു.
ഇപ്രാവശ്യം ബ്രിട്ടീഷ്‌ സമ്മര്‍ പതിവിലും നേരത്തെ ആണ്...
ലിവിംഗ് റൂമില്‍ നിന്നും അവള്‍ വീണ്ടും ശബ്ദമുണ്ടാക്കിയപ്പോള്‍ പയ്യന്‍സ് കിടക്ക വിട്ട് എഴുന്നേറ്റു താഴേക്ക്‌ ചെന്നു...
ഈയിടെയായി ചെറുങ്ങനെ തല കറങ്ങുന്നുണ്ട്....
അവള്‍ അങ്ങനെയാണ് രാവിലെ ലിവിംഗ് റൂമില്‍ ആരെയും കണ്ടില്ലെങ്കില്‍ ഉറക്കെ ഉറക്കെ ബഹളമുണ്ടാക്കികൊണ്ടിരിക്കും...
ജോയുടെ കൂടെല്ലാം വൃത്തിയാക്കി.....അവള്‍ക്ക് ആപ്പിള്‍, പീനട്ട് ഇത്യാതികള്‍ കുശാലയിട്ടു കൂട്ടില്‍ എടുത്തു വച്ചു.......
കൂട്ടില്‍ നിന്നും ജോ തല അല്‍പം ഇടത്തേക്ക് ചരിച്ച് എന്നെ നോക്കി.....
എന്‍റെ സാമീപ്യം അവളെ അസ്വസ്ഥമാക്കി എന്ന് എനിക്ക് മനസ്സിലായി....
മനുഷ്യരെ ഒട്ടു മിക്ക ജീവികള്‍ക്കും പേടിയാണ് എന്ന ലോക തത്വം മനസ്സിലാക്കി ഞാന്‍ കുറച്ചു അകലം പാലിച്ചു നിന്നു........
  
ആ സമയം അവള്‍ അവളുടെ കുഞ്ഞിക്കാലുകള്‍ മരക്കമ്പില്‍ പതിയെ പതിയെ പിടിച്ചു നടന്നു വന്ന്, ചുവന്നു വളഞ്ഞു ചേതോഹരമായ ചുണ്ട് കൊണ്ട്‌ ഒരു പീനട്ട് എടുത്തു യഥാസ്ഥാനത്ത് പോയിരുന്നു..
അതിനു ശേഷം ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒരു കാല്‍ കൊണ്ട് പീനട്ട് പിടിച്ച്, മറ്റേക്കാലില്‍ നിന്നുകൊണ്ട് ശബ്ദമുണ്ടാക്കി തിന്നുവാന്‍ ആരംഭിച്ചു.    
അവളുടെ ഇഷ്ടപ്പെട്ട ആഹാരം ആപ്പിളും, പീനട്ടുമാണ്  ......
ഇവള്‍ ഏതോ വലിയ സായിപ്പിന്‍റെ തറവാട്ടില്‍ പിറന്ന തത്തമ്മയാണ് എന്ന് തോന്നുന്നു ....
ജോയുടെ കാര്യം പറഞ്ഞു സമയം പോയതറിഞ്ഞില്ല ....
കുട്ടികളെ സ്കൂളില്‍ വിടാനുള്ള സമയം വൈകുന്നു ......
പയ്യന്‍സ് വേഗത്തില്‍ അടുക്കളയിലേക്ക് നടന്നു.........
ബ്രേക്ക് ഫാസ്റ്റ് എന്തുണ്ടാക്കും ?
ലോകമാന സകല ഭര്‍തൃപുങ്കവന്മാരും അനുഭവിക്കുന്ന മനോവ്യഥ ഈയുള്ളവനും അനുഭവിച്ചു...
ചൂടാക്കിയ പാലില്‍ മറ്റേ സാധനം ഇട്ടു കൊടുത്താലോ???
എന്ത് സാധനം ?
കോണ്‍ഫ്ലേക്സ്....
ങ്ഹാ....അത് കൊള്ളാം സൂപ്പര്‍ ഐഡിയ....
എന്നെ സമ്മതിക്കണം...
ഈയിടെയായി സാധനങ്ങളുടെ പേര് ആവശ്യസമയത്ത് നാവിന്‍ തുമ്പില്‍ വരുന്നില്ല ...
കോണ്‍ഫ്ലേക്സ് പാലില്‍ ഇട്ടു കൊടുത്താല്‍ അവന്മാര്‍ മടാ... മടാ... അടിച്ചോളും...
ഈയുള്ളവന് പണിയും എളുപ്പമാകും....


കുട്ടികളെ സ്കൂളിലാക്കി തിരിച്ചു വന്ന്‌ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്ന സമയം, മുന്‍വാതിലില്‍ ആരോ ഉച്ചത്തില്‍ മുട്ടുന്നു...

അവളായിരിക്കും.....
സുന്ദരിയും സുശീലയുമായ എന്‍റെ സ്വന്തം പ്രിയതമ ...
ഇന്നലത്തെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴുഞ്ഞുള്ള വരവാ ...
അല്ല... അവള്‍ വാതിലില്‍ മുട്ടുന്നതെന്തിന് ?
അവളുടെ കാറിന്‍റെ കീയുടെ കൂടെ വീടിന്‍റെ കീ കൂടെ ഉണ്ടല്ലോ ? ..
എന്ന് ആത്മഗതം ചെയ്തു വാതില്‍ തുറക്കാനായി അടുത്തേക്ക് ചെന്നു...
നേരത്തെ അകത്തു കയറിയ ഞാന്‍ കീ ഹോളില്‍ നിന്നും കീ എടുക്കാന്‍ മറന്നു പോയിരുന്നു എന്നാ കാര്യം ഇപ്പോഴാണ്‌ ഓര്‍ക്കുന്നത് ....
മുന്‍ വാതിലിന്‍റെ പുറകില്‍... കീ ഹോളില്‍ കിടന്നിരുന്ന കീ കൊണ്ട് ഞാന്‍ സാവകാശം വാതില്‍ തുറന്നു കൊടുത്തതും അവള്‍ രൂക്ഷമായി എന്നെ നോക്കിയിട്ട് ചവിട്ടുക്കുതിച്ച്‌ അകത്തേക്ക് കടന്നു പോയി ...
എന്‍റെ ഡിങ്ക ഭഗവാനെ !!!! കാപ്പാക്കണേ ....
ഈ നാരികളായ നാരികളെ മുഴുവന്‍ പടച്ചു വിട്ടത് അങ്ങ് തന്നെ അല്ലേ?
ദേ !!! ചുവന്ന ജെട്ടിയും ഇട്ടു നിന്നു പുഞ്ചിരിക്കുന്നു ...
അങ്ങാവുമ്പോള്‍ ഈ പാവം ഭക്തര്‍ക്ക്‌ എന്തും പറയാം..
കാരണം അങ്ങ് ഭക്തരോട് കാരുണ്യവും വാത്സല്യവും ഉള്ളവനാകുന്നു...
അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്നവനാകുന്നു ....
പക്ഷെ മറ്റു പരമ്പരാഗത ദൈവങ്ങളോട് സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ വിവരമറിയും...
കയ്യിലിരുന്ന ബാഗ്‌ സോഫയില്‍ വലിച്ചെറിഞ്ഞ് അവള്‍ കോണിപ്പടി കയറി മുകളിലേക്ക് കയറിപ്പോയി ...
ടോം ആന്‍ഡ്‌ ജെറിയിലെ പൂച്ചയെ പോലെ പുറകെ ഞാനും...

എന്തെങ്കിലും ഗുണം ഉണ്ടായാലോ?
ഈയുള്ളവന്‍ ആശ കൈ വെടിഞ്ഞില്ല ...
അവസാനത്തെ സ്റ്റെപ്പില്‍ ശക്തിയായി ചവിട്ടി ..പിന്നെ പിന്തിരിഞ്ഞു നിന്നിട്ട് ഈയുള്ളവനെ ഒന്നുകൂടെ അതിരൂക്ഷമായി നോക്കിയിട്ട് അവള്‍ കിടപ്പ് മുറിയിലേക്ക് ചവിട്ടിക്കുതിച്ചു നടന്നു പോയി...പുറകെ ഞാനും വച്ച് പിടിച്ചു ..
ഠപ്പേ !!! അവള്‍ വാതില്‍ എനിക്ക് മുന്നില്‍ കൊട്ടിയടച്ചു...
ഇനിഎന്താ ചെയ്യുക ?
വെയിറ്റ് ചെയ്യാം ...

സമയം ഉച്ചയായി ....
വൈകുന്നേരമായി ...
രാത്രിയായി...
വീടും കൂടും, ശോകം......മൂകം....
ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ ടച്ച്......
കുട്ടികള്‍ക്കെല്ലാം അത്താഴം കൊടുത്ത്,ഒരു അവസാന ശ്രമം കൂടി നടത്തി നോക്കി ..
സംഗതി ഏറ്റു..
അതാ അവള്‍ വാതില്‍ തുറക്കുന്നു ..
പക്ഷേ !!!
നോ സംസാരം...
കുട്ടികളെ കിടത്തി ഉറക്കി, ഞാന്‍ കിടക്കയുടെ ഒരു ഓരം പറ്റി ഉറങ്ങാന്‍ കിടന്നു ..
ആ സമയം അവള്‍ തനിയെ താഴത്തു  പോയി അത്താഴം കഴിച്ചു തിരിച്ചു വന്ന്,എന്‍റെ ഇടതു വശത്ത് കയറി കിടപ്പായി ...

കഠിന ഹൃദയ !!! ധിക്കാരി !!!
കിടക്കുന്ന കിടപ്പ് കണ്ടില്ലേ !!!
ഒന്നും സംഭവിക്കാത്തത് പോലെ.....
ഒറ്റച്ചവിട്ട് വച്ചു കൊടുക്കാന്‍ തോന്നി....
ഈര്‍ച്ച വാള്‍ കൊണ്ട് മരം അറക്കുന്നതു പോലുള്ള ശബ്ദത്തോടെ അവള്‍ കൂര്‍ക്കം വലിച്ചുറങ്ങി പോയി .....
ഈയുള്ളവന്‍ ശശിയായി.......ശശാങ്കനായി....
ഇന്നത്തെ ശാന്തി മുഹൂര്‍ത്തം കട്ടപൊക.......
പിറ്റേന്ന് രാവിലെ ജോയുടെ പതിവുള്ള കലപില ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്‌....
രാവിലെ സ്മാര്‍ട്ട്‌ ഫോണ്‍ കയ്യിലെടുത്തു, വെറുതെ ഒന്ന് മാന്തി നോക്കി
എന്തെങ്കിലും കിട്ടിയാലോ ?
അപ്പോഴാണ് അക്കാര്യം ഞാന്‍ കണ്ടത് ഒത്തിരി മിസ്ഡ് കാളുകള്‍ എല്ലാം എന്‍റെ സ്വന്തം ഭാര്യയുടേത്....
സ്മാര്‍ട്ട്‌ ഫോണിന്‍റെ സ്ക്രീന്‍ മാന്തി തിരഞ്ഞു നടക്കുമ്പോള്‍ ദാ കിടക്കുന്നു ...
അവള്‍ അയച്ച ടെക്സ്റ്റ്‌ മെസ്സേജ് ......
ഇന്നലെ അവളുടെ പിറന്നാള്‍ ആയിരുന്നത്രെ !!!!
നൈറ്റ്‌ ഷിഫ്ടിനിടക്കുള്ള ബ്രേക്ക്‌ സമയത്ത് അവള്‍ കുത്തിയിരുന്നു എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു....
കിട്ടിയില്ലത്രേ!!!
ഇപ്പോഴാണ്‌ എന്‍റെ പ്രിയതമയുടെ പിണക്കത്തിന്‍റെ യഥാര്‍ത്ഥ കാരണം  ഈയുള്ളവന് ബോധ്യമായത്..... 
ഫോണ്‍ സൈലന്‍റ് മോഡില്‍ നിന്നും മാറ്റി, അവളുടെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെച്ച്,കിടക്കയില്‍ നിന്നും എഴുന്നേറ്റു .

ഓഫീസില്‍ പോകാനുള്ള സമയമായി  ...
കുളിമുറിയില്‍ കയറി കുളിച്ചു കുട്ടപ്പനായി കണ്ണാടിക്കു മുന്‍പിലേക്ക് നടക്കുമ്പോള്‍ പുറകില്‍, പതിഞ്ഞ അവളുടെ കാല്‍പെരുമാറ്റം.
പൂ പോലെയുള്ള കയ്യാല്‍, പുറകില്‍ നിന്നും അവള്‍ എന്‍റെ വക്ഷസിലൂടെ കയ്യിട്ട്, എന്നെ കെട്ടിപിടിച്ചു....
എന്നിട്ട് എന്‍റെ ചെവിയില്‍ മന്ത്രിച്ചു...
“ ഡൈനിങ്ങ്‌ ടേബിളില്‍ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് “
അവള്‍ ഒന്ന് കൂടി ഉറങ്ങാനായി കിടക്കയിലേക്കും ഞാന്‍ താഴേക്കും നടന്നു .
കൊണിപ്പടിയിറങ്ങി താഴേക്ക്‌ നടക്കുമ്പോള്‍ പയ്യന്‍സിന്‍റെ ചുണ്ടില്‍ ഒരു പഴയ മലയാള സിനിമാ ഗാനം തത്തി കളിച്ചിരുന്നു...
ഇണക്കമോ.... പിണക്കമോ ...
പ്രിയതമേ... പറയുമോ....
ഇണങ്ങിയാല്‍ ...അകലുമോ ...
പിണങ്ങിയാല്‍... അടുക്കുമോ....   

No comments:

Post a Comment