Saturday 13 August 2016

സാരിത്തുമ്പ് - ചെറു കഥ











സാരിത്തുമ്പ്


ചെറുകഥ

റോയ് പാനികുളം


ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന് പെയിന്‍റെടിച്ച സര്‍ക്കാര്‍ ബസ്‌.ആനവണ്ടി എന്ന് ഞങ്ങള്‍ വിളിക്കുന്ന ആ ഒരു ബസ്‌ മാത്രമാണ് അന്ന് ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള ഏക ബസ്‌  സര്‍വിസ്.
വിരസതയാര്‍ന്ന ഓഫീസ് ജോലികള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഈ ഒരു ബസ്‌ യാത്രയായിരുന്നു പയ്യന്‍സിനു പ്രിയപ്പെട്ടത്.
കാരണം ആളുകളെ അവരറിയാതെ ഒബ്സേര്‍വ് ചെയ്യുക...
പയ്യന്‍സിന്‍റെ ഇഷ്ട വിനോദങ്ങളില്‍ ഒന്നാണ്...
വായിനോട്ടം എന്നാണ് നാട്ടിലുള്ളവര്‍ ഇതിനു വിളിക്കുക.
അപ്പോള്‍ വായനക്കാരായ നിങ്ങള്‍ വിചാരിക്കും പയ്യന്‍സ് ഒരു വെറും മൂന്നാംകിട വായിനോക്കി ആണല്ലോ എന്ന് ...
എന്നാല്‍ സംഭവം അതല്ലാ....

ഡിങ്ക.......ഡികാ.......
പയ്യന്‍സ് വിശ്വകലാസാഹിത്യം ഒക്കെ കലക്കി കുടിച്ച ഒരു യെമകണ്ടന്‍ എഴുത്തുകാരന്‍ ആകുന്നു...
ചുമ്മാ അങ്ങനയങ്ങു എഴുതാന്‍ പറ്റുവോ?
ഇല്ല.......
പുള്ളിക്കാരന്‍ അതിനുള്ള ത്രെഡ് തിരഞ്ഞുള്ള നടപ്പാ....
അതിനു ഒബ്സര്‍വേഷന്‍ വേണം ....
കണ്മുന്നില്‍ കാണുന്ന ജീവിതങ്ങള്‍ പഠിക്കണം....
അതാണു മൂപ്പിലാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്...  
നെല്‍ വയലുകള്‍ക്കിടയിലൂടെ നീണ്ടു പോകുന്ന കറുത്ത വര പൊലെ തോന്നിപ്പിക്കുന്ന ആ റോഡ്‌ ചെന്ന് ചേരുന്നത് നെടുവന്നൂര്‍ എന്ന ഞങ്ങളുടെ ഗ്രാമത്തിലേക്കാണ്.
ആനവണ്ടി ഒരു ഇരമ്പലോടെ കയറ്റം കയറി പോകുമ്പോളാണ് ഒരു മിന്നായം പോലെ പയ്യന്‍സ് ആ കാഴ്ച കണ്ടത്.
വണ്ടിയുടെ വേഗത്തിന് താളമൊപ്പിച്ചു,തെക്കന്‍ കാറ്റില്‍ പുറത്തേക്കു പറക്കുന്ന നല്ല കറുത്ത് ഇടതൂര്‍ന്ന മുടിയിഴകള്‍....
പാറി പറക്കുന്ന മുടിയിഴകള്‍ വലം കയ്യാല്‍ മെല്ലെ മാടിയൊതുക്കി ഡ്രൈവര്‍ സീറ്റിനു തൊട്ടു പുറകിലായി അവള്‍.
അതീവ സുന്ദരിയായിരിക്കും.മനസ്സ് പറഞ്ഞു.
അമ്മയും പെങ്ങന്മാരും പറഞ്ഞു കേട്ടിട്ടുണ്ട് നല്ല സുന്ദരി പെങ്കുട്ടികള്‍ക്കെ പനങ്കുല പോലുള്ള മുടി കാണൂ എന്ന്..
ശരിയായിരിക്കാം.   
സ്റ്റോപ്പുകളില്‍ ബസ്‌ നിര്‍ത്തുമ്പോള്‍ ജനലഴികള്‍ക്കിടയിലൂടെ കാണുന്ന ചില നിശ്ചല ദൃശ്യങ്ങള്‍...

നാട്ടിന്‍പുറത്തെ ചായക്കടകളിലും,കുരിശടികളിലും വാ നോക്കിയിരുന്നവര്‍.
കൊഴിഞ്ഞ പല്ലുകള്‍ക്കിടയിലെ മോണകാട്ടിയുള്ള വലിയ ചിരികള്‍.
ഒരേ തൂവല്‍ പക്ഷികള്‍.
ആ പെണ്‍കുട്ടിയുടെ പുറകു വശം മാത്രമേ ഇപ്പോള്‍ കണാനാകുന്നൊള്ളൂ...
നല്ല ചുവന്ന നിറത്തിലുള്ള അവളുടെ സാരിയുടെ മുന്താണി ഇടയ്ക്കു കാറ്റില്‍ പറക്കുന്നുണ്ട്‌.
ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ മനസ്സ് മന്ത്രിച്ചു.
കഥാകാരന്‍ അക്ഷമയോടെ കാത്തിരുന്നു.
ദാ....അവള്‍ തിരിഞ്ഞു നോക്കുന്നു.
ഇപ്പോള്‍ ആ മുഖം നല്ല വണ്ണം കാണാം.
ഇവള്‍ ഒരു അപ്സരസ് തന്നെ മനസ്സ് പറഞ്ഞു
വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന അപ്സരകന്യക.
എന്‍റെ തങ്ക കുടമേ... വെണ്ണക്കട്ടീ.....
തൊട്ടടുത്ത സ്റ്റോപ്പില്‍ ബസ്‌ ഒരു ഞരക്കത്തോടെ ആടിയുലഞ്ഞു നിന്നു...
അവള്‍ മെല്ലെ....സീറ്റില്‍ നിന്നും എഴുന്നേറ്റു..
സീറ്റിനരുകില്‍ ചാരി വച്ചിരുന്ന അവളുടെ ഊന്നു വടി ഏന്തി വലിഞ്ഞെടുത്തു..
ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ബസില്‍ നിന്നും ഇറങ്ങവേ അവളുടെ നനുത്ത സാരിത്തുമ്പ് കഥാകാരന്‍റെ മുഖത്തെ തഴുകി തലോടി കടന്നു പോയി.
അവള്‍ ബസില്‍ നിന്നും മെല്ലെ ഇറങ്ങി.
എന്നിട്ട് ഈ കഥാകാരനെ ഒന്ന് നോക്കി,വിദൂരതയിലേക്ക് നടന്നു മറഞ്ഞു.
അവളുടെ മുഖത്ത് അപ്പോഴും ഒരു പുഞ്ചിരി കളിയാടിയിരുന്നു.

അവള്‍ നടന്നു മറഞ്ഞ വഴികളില്‍ നല്ല ചുവന്ന വാക മരങ്ങള്‍ പൂത്തു  നിന്നിരുന്നു...







No comments:

Post a Comment