Saturday 13 August 2016

പ്രാഞ്ചിയേട്ടന്‍ .....ആക്ഷേപ ഹാസ്യം








പ്രാഞ്ചിയേട്ടന്‍

ആക്ഷേപ ഹാസ്യം

റോയ് പാനികുളം



“ ഹൈ നമുക്കൊരാ അസോസിയേഷനാ തൊടങ്ങ്യാലോ? ”
തൃശ്ശൂര്‍ സ്ലാങ്ങില്‍ പ്രാഞ്ചിയേട്ടന്‍ ഒറ്റ ചോദ്യം.
ചീട്ടുകളിയുടെ രസച്ചരടാ പൊട്ടി...
“ഹൈ എന്തൂട്ട്ണാ പ്പെ…. ഒരാ പുത്യേ അസോസിയേഷന്‍ ?”
“നെനക്ക് വല്ല പ്രാന്തൂണ്ടോടാ ശവ്യേ ?”
ചീട്ടുകളിയുടെ രസച്ചരട് പൊട്ടിച്ചതിലുള്ള ദേഷ്യത്തില്‍ ഈനാശുവിനു കുരുപൊട്ടി.
പ്രാഞ്ചിയേട്ടന്‍ എന്ന് ഞങ്ങള്‍ കളിയായി വിളിക്കുന്ന ഫ്രാന്‍സിസ് ഉതുപ്പാന്‍ ഇവിടെ മലയാളികളുടെ ഇടയിലെ ഒരു പ്രാഞ്ചിയേട്ടന്‍ ആകുന്നു.കോട്ടും സ്യുട്ടുമാണ് മുഖ്യ വേഷം.....
“നിങ്ങാ ഒന്നു ചുമ്മാണ്ടിരി പ്രാഞ്ചിയേട്ടാ
അതിത്ര ഈസിയായിട്ടുള്ള കാര്യാണോ ?”
കൊച്ചിക്കാരന്‍ ക്രിസ്പി ഇടങ്കോലിട്ടു.
“അതൊക്കെ ഞാനാ പൂശിക്കോളാo”
“ങ്ങള്‍ക്കൊക്കെ കൂടേ നിക്കാന്‍ പറ്റോ ?”
കുറുവാച്ചനെ ഒരെണ്ണം അകത്താക്കുന്നതിനിടയില്‍ പ്രാഞ്ചിയേട്ടന്‍
തിരിച്ചടിച്ചു.
കുറുവാച്ചന്‍ എന്നത് കൊറോയ്സര്‍ എന്ന മുന്തിയ ഇനം കോണ്യാക് ബ്രാണ്ടിയുടെ ഇരട്ട പേരാണ് .
ആഘോഷം എന്തുമായി കൊള്ളട്ടെ മേമ്പൊടിക്ക്‌ ഇവന്‍ വേണം .
യെവനില്ലാതെ എന്താഘോഷം?
“യു നോ ? ഓള്‍റെഡി ദേര്‍ ഈസ്‌ മോര്‍ ദാന്‍ ടു  അസോസിയേഷന്‍”
“വൈ വി ആര്‍ ട്രൈയിംഗ് ടു ക്രീയേറ്റ് നാതെര്‍ വണ്‍ ?”
ഈയിടെ യുകെയില്‍ എത്തിച്ചേര്‍ന്ന എഞ്ചിനീയര്‍ വിക്ടറിനൊരു സംശയം.
വിക്ടറിന്‍റെ സംശയം ന്യായവും യുക്തവുമാകുന്നു......
ആമ്മേന്‍....
“ഹൈ നമുക്കും ഒരു വെലസാ വേലസണ്ടേ ?...... ഗട്യേ ?”
“പ്രാഞ്ചിയേട്ടന്‍ അപ്പറഞ്ഞത്‌ ന്യായം”
“ഇപ്പന്താ നടക്കണേ ? അവന്മാര് കെടന്നു വേലസ്വല്യെ ?”
പരത്തി ജോയ് എന്ന് ഞങ്ങള്‍ വിളിക്കുന്ന ജോയിക്ക് രണ്ടെണ്ണം അകത്താ യാപ്പോള്‍ കലിയടങ്ങുന്നില്ല .
ഞങ്ങള്‍  മലയാളികളുടെ ഇടയിലെ വാര്‍ത്താ വിതരണത്തിന്‍റെ മൊത്ത വിതരണക്കാരന്‍ ഈ  ദേഹമാകുന്നു.....
“ആരാ ...ആരുടെ കാര്യാ നീ ഈ പറേന്നെ ജോയേ?”
“ആ മറ്റേ അസോസിയേഷനുകളുടെ കുളാണ്ട്രമ്മാര്....കന്നാല്യോള്.......”
“ങ്ഹാ !!! അത് നേരാ.... മെമ്പേഴ്സിന്‍റെ മാസവരികൊണ്ട്
നല്ല കീറല്ലേ......കീറണെ...”
“അവന്മാരെ ഒന്നാ പൊളിച്ചടുക്കണം ജോയ്യെ ..”
ആ സമയം കൊണ്ട് കുറുവാച്ചന്‍ ഒരു കുപ്പി ഡിം.....
ആകെയുള്ള ഒരു കുപ്പി കാലിയായതിന്‍റെ നീരസം എല്ലാ മുഖങ്ങളിലും
പ്രകടമായി.
 “എടാ പ്രാഞ്ചിയെ... ഒരെണ്ണം കൂടി വിടണോല്ലോഡാ ?”.
“എന്നാലെ ഒരു സോഖാവൂ അതാ”.
ഓസിനു വീശാന്‍ കിട്ടുന്നത് കൊണ്ട് ഈനാശു എന്ന് ഞങ്ങള്‍ വിളിക്കുന്ന
ഇഗ്നേഷ്യസ് തല്ക്കാലം ശാന്തനായി .
“എന്താ എല്ലാരും കുന്തം വിഴുങ്ങിയ പോലെ നിക്കണേ?”
“എല്ലാര്ക്കും ഗുണോള്ള കാര്യല്ലേ ഒന്ന് സപ്പോര്‍ട്ടാ ചെയ്യ്”
അതുവരെ ഒന്നും മിണ്ടാതിരുന്ന ഇട്ടൂപ്പേട്ടന്‍ ഈനാശുവിനെ പിന്താങ്ങി.
കയ്യിലിരിക്കുന്ന പൈസ ചിലവാകുന്ന ഈര്‍ഷ്യ മനസ്സിലുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ പ്രാഞ്ചിയേട്ടന്‍ ക്രിസ്പിയോട് പറഞ്ഞു .
“എല്ലാരുടെo ഇഷ്ടം അതാണെങ്കി... രണ്ടെണ്ണം കൂടെ പെടക്കാനുള്ള സാധനാ
നീയാ ഒപ്പിക്ക് “
“റുപ്പികാ പത്താ പൊടിയുങ്കിലും നല്ലോരാ കാര്യത്തിനല്ലേ”
“നമുക്കും ഒന്ന് സുഖിക്കണ്ട്രെ കന്നാല്യെ?”
“മ്മടെ അപ്പങ്ക്ട്യെ ഒള്ളപ്പാ പറയും... റുപ്പികാ പിടിച്ചാ..... ചെലവാക്കണോന്നു”
“ആളിപ്പാ പാടായിറ്റാ”
രണ്ടെണ്ണം വീശിയിട്ടാണോ എന്തോ? 
പ്രാഞ്ചിയേട്ടന്‍റെ കണ്ടമിടറി.
അതിനിടയില്‍ ക്രിസ്പി തന്‍റെ പുതു പുത്തന്‍ ബെന്‍സ്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്
കുപ്പി വാങ്ങാന്‍ ടെസ്കോയിലേക്ക് വച്ച് പിടിച്ചു .
ഇന്നലെ കണ്ട ഓഫര്‍ തീര്‍ന്നു പോയാലോ ?
കുറുവാച്ചന്‍റെ രണ്ടാം വരവില്‍ എല്ലാ മുഖങ്ങളും പ്രസാദിച്ചു .
പ്രാഞ്ചിയേട്ടന്‍റെതൊഴികെ.......
ഈ പിശുക്ക് കണ്ടു പിടിച്ചത് തന്നെ മ്മടെ തൃശ്ശൂര്‍കാരന്‍ പ്രാഞ്ചിയേട്ടനല്ലേ ?.
  
മൂന്നു കൊറോയ്സര്‍... അഞ്ചു ചിക്കന്‍ വരട്ടിയത് .
കൂടിയിരുന്ന എല്ലാവരും ഹാപ്പി…..
പ്രാഞ്ചിയേട്ടന്‍ ഡബിള്‍ ഹാപ്പി……
പത്തില്‍ താഴെ മാത്രം അംഗ ബലമുള്ള ആ ചീട്ടുകളി സംഘത്തിന്‍റെ
നേതൃത്വത്തില്‍ പുതിയ ഒരു അസോസിയേഷന്‍ അന്നേ ദിവസം നിലവില്‍ വന്നു .
കുറുവാച്ചന്‍റെ ഒരു ഗുണേ !!!
സമയം വൈകുന്നേരമായി ഡൈനിങ്ങ്‌ ടേബിളും മറ്റും ക്ലീന്‍ ചെയ്തു ബിന്നിലിട്ടു .
എല്ലാവരും അടുത്ത ദിവസം കാണാമെന്ന ഉറപ്പില്‍ തിരിച്ചു പോയി.
പ്രാഞ്ചിയേട്ടന്‍ തന്‍റെ വീട്ടിലെ സോഫയില്‍ ഇരുന്നു ഒന്ന് മയങ്ങി പോയി.
മുന്‍വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ആലിസ് തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു .
“ ങ്ങെക്കിന്തിന്‍റെ കേടാ പ്രാഞ്ചിയേട്ടാ കയ്യിലിരിക്കുന്ന പൈസ കൊടുത്ത്
ഒള്ള കള്ളെല്ലാം വലിച്ചു കേറ്റി ഇരിക്കുന്ന കണ്ടില്ലേ ?“
മണം പിടിക്കാന്‍ ഇവള്‍ ബഹു മിടുക്കിയാ, ഇവളെ വല്ല പോലീസിലും ചേര്‍ക്കാമായിരുന്നു .
പ്രാഞ്ചിയേട്ടന്‍ ആത്മഗതം ചെയ്തു.
സാവധാനം പ്രാഞ്ചിയേട്ടന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ആലീസും പ്രാഞ്ചിയേട്ടനെ   പിന്താങ്ങി.
അല്‍പ സമയത്തിനു  ശേഷം പ്രാഞ്ചിയേട്ടന്‍ ക്ഷീണം കൊണ്ട്  മയക്കത്തിലേക്കു വീണു പോയി ......



അടുത്ത ദിവസത്തെ ബ്രിട്ടീഷ്‌ മലയാളി വാര്‍ത്ത‍ കേട്ട് ഞങ്ങള്‍  മലയാളികള്‍ ഞെട്ടിപ്പോയി .

യുകെ മലയാളികളുടെ സാംസ്‌കാരിക തനിമക്ക് ഒരു തിലകച്ചാര്‍ത്ത്......

യുകെയിലെ മലയാളികള്‍ക്ക്  ഒരു പുതു വസന്തവുമായി, ഒരു പുതു പുത്തന്‍  അസോസിയേഷന്‍ ഉമ്മ (United  Malankara  Malayali association) ഇന്നലെ വൈകുന്നേരം കൃത്യം 5 മണിക്ക് ഇവിടെ നിലവില്‍ വന്നു....
യുകെ മലയാളികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു....
പ്രസിഡണ്ടായി ഫ്രാന്‍സിസ് ഉതുപ്പാനെ ഐക്യകണ്ടേന തിരഞ്ഞെടുത്തു.

മറ്റു അസോസിയേഷനുകളില്‍ കണ്ടു വരുന്ന സാംസ്‌കാരിക ജീര്‍ണത തുടച്ചു നീക്കുമെന്നും, യുകെയിലെ മലയാളികള്‍ക്ക് ഇതൊരു നവവസന്തമായിരിക്കുമെന്നും ശ്രീ ഫ്രാന്‍സിസ് ഉതുപ്പാന്‍ ലണ്ടനില്‍ നടത്തിയ വാര്‍ത്ത‍ സമ്മേളനത്തില്‍ വച്ച് ബ്രിട്ടീഷ്‌ മലയാളിയോട് പറഞ്ഞു..... 



No comments:

Post a Comment