Thursday 18 August 2016

കുമ്പിളപ്പം ചെറുകഥ



കുമ്പിളപ്പം


ചെറുകഥ  

റോയ് പാനികുളം



"ഡാഡി".......

"ഡാ.........ഡീ"......

"ഐ വാനാ ബര്‍ഗര്‍ നൌ”.

മകനെ സ്കൂളില്‍  നിന്നും എടുത്തിട്ടു വന്നിട്ട് സോഫയില്‍ ഇരുന്ന് ലാപ്ടോപ്പില്‍  അന്നത്തെ ബ്രിട്ടീഷ്‌ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കവേ,ബ്രെക്സിറ്റും,റിമൈന്‍ ഇന്‍ യുകെയും തമ്മില്‍ നടന്ന മല്ലയുദ്ധത്തില്‍ ആരുടെ പക്ഷം ചേരണം എന്നറിയാതെ,ഞാനൊന്നു മയങ്ങിപോയി,
ആ സമയത്തായിരുന്നു,ഇളയ മകന്‍ ഉണ്ണിക്കുട്ടന്‍റെ ബഹളം.

കണ്ണു തുറന്നപ്പോള്‍ ഉണ്ണികുട്ടന്‍ സ്കൂള്‍ യുണിഫോമില്‍ തന്നെ നില്‍ക്കുന്നു .
സ്കൂളില്‍ നിന്നും വന്നാല്‍ ഉടനെ തന്നെ  യുണിഫോo മാറ്റണമെന്ന് എത്ര തവണ ഇവനോട് പറഞ്ഞിരിക്കുന്നു!.

അതെങ്ങനാ !സ്കൂള്‍ വിട്ടു വന്നാല്‍ നേരെ കേറിക്കോളും കമ്പ്യൂട്ടറിന്‍റെ ഉള്ളിലേക്ക്.

"ഡാഡീ എനിക്ക് ബര്‍ഗര്‍ ബൈ ചെയ്യണം"

മലയാളവും ആംഗലേയവും കൂടിച്ചേര്‍ന്ന ഭാഷയില്‍ ഒരു വിധത്തില്‍ അവന്‍ കാര്യം പറഞ്ഞൊപ്പിച്ചു.

“ഐ നീഡ്‌  ഇറ്റ്‌ നൌ”

അവന്‍ വാശി പിടിച്ചു കരയാന്‍ തുടങ്ങി.

അവസാനം അവന്‍റെ  വാശിക്കു  മുന്‍പില്‍  മനസ്സില്ലാ മനസ്സോടെ കീഴടങ്ങി .

അടുത്തുള്ള മക്ഡോണാള്‍ഡ്സില്‍ പോയി രണ്ടു ഹാം ബര്‍ഗര്‍ വാങ്ങി വീട്ടില്‍ വന്ന്‌ ഉണ്ണിക്കുട്ടന് കൊടുക്കവേ...അടുക്കളയില്‍ നിന്നും ഭാര്യയുടെ അവ്യക്തമായ പിറു പിറുക്കലുകള്‍.

"ഇങ്ങേരു ഒറ്റ ഒരുത്തനാണ് കുഞ്ഞുങ്ങളെ ഇങ്ങനെ വഷളാക്കുന്നത്".

ബര്‍ഗര്‍ വാങ്ങിച്ചു കൊടുത്തില്ലെങ്കില്‍ ഇവളുമാര് പറയും നമ്മള്  പിശുക്കന്മാരാണെന്ന്!.

"കര്‍ത്താവേ ഇതെല്ലാം കേള്‍ക്കാന്‍ ഫര്‍ത്താക്കന്മാരായ ഞങ്ങളുടെ   ജീവിതം ഇനിയും ബാക്കി!".

ബര്‍ഗര്‍ തിന്നുന്നതിനിടയില്‍ ഉണ്ണിക്കുട്ടന്‍ എന്നെ കണ്ണിറുക്കി കാണിച്ചു.

പാവം അവനെ പറഞ്ഞിട്ടെന്താ!.

ഈ ബ്രിട്ടീഷ്‌ മഹാരാജ്യത്ത് വന്നിട്ട് നമ്മുടെ നാട്ടിലെ കഞ്ഞിയും പയറും കഴിക്കാന്‍ പറഞ്ഞാല്‍ ഇവന്‍ കഴിക്കുമോ?.

അവന്‍ അവന്‍റെ സ്കൂളിലെ ഫ്രണ്ട്സിനെ അല്ലേ കണ്ടു പഠിക്കുന്നത് !.

ബാക്കിയുള്ള ബര്‍ഗറുമായി അവന്‍ നേരെ ടി വി യുടെ മുന്‍പിലേക്ക് നടന്നു.
ഇന്നലത്തെ നൈറ്റ്‌ ഡ്യൂട്ടിയുടെ ക്ഷീണത്താല്‍ ഞാനവിടെയിരുന്ന് വീണ്ടും മയങ്ങിപ്പോയി..

അതിനിടയില്‍,എന്‍റെ ഓര്‍മ്മകള്‍ എന്നെ പഴയ സ്കൂളിന്‍റെ വരാന്തയിലേക്ക്‌ കൂട്ടികൊണ്ട് പോയി.

ഉച്ച കഴിഞ്ഞു വന്ന  കണക്കു സാറിന്‍റെ  കൂട്ടലും കിഴിക്കലും കുറച്ചൊന്നുമല്ല ബോറടിപ്പിച്ചത് .
ടൈം ടേബിള്‍ എടുത്തു നോക്കി അടുത്ത പീരീഡ്‌ കണ്ടു പിടിക്കവേ...
ദാ....വരുന്നു..... അക്ബറിനെയും,അശോക ചക്രവര്‍ത്തിയെയും,മുഹമ്മദ്‌ ഘസ്നിയെയും ...മറ്റും തോളിലേറ്റി സാമൂഹ്യ പാഠം സര്‍.....
ഒന്നാം പാനിപ്പത്ത് യുദ്ധവും, രണ്ടാം പാനിപ്പത്ത് യുദ്ധവും, യുദ്ധ ചൊരിച്ചിലും,അതിന്‍റെ  പ്രത്യാഘാതങ്ങളും....
എല്ലാം കൂടി നടത്തിയ കൂട്ടത്തല്ലില്‍ ഉറങ്ങിപോയതെപ്പോഴാണന്നറിയില്ല...
അമ്മയുടെ  കുമ്പിളപ്പത്തിന്‍റെ  മണം നാസാരന്ദ്രത്തിലൂടെ കയറി വന്ന്‌ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി കൊണ്ടിരിക്കുമ്പോളാണ്‌,ഒരു കൂട്ടമണി ശബ്ദം.
കൂട്ട മണി കേട്ടുണര്‍ന്നു നോക്കുമ്പോള്‍.....
കൂട്ടുകാര്‍ എല്ലാവരും വീട്ടിലേക്കോടുവാന്‍ റെഡി ആയി നില്‍ക്കുന്നു...
അകമ്പടിയായി,പശ്ചാത്തലത്തില്‍ ജനഗണമനയുടെ അവസാന പാദം....
ജയ ഹേ.... ജയ ഹേ ......ജയ ഹേ...ജയ... ജയ... ജയ.. ജയ...ഹേ.......
പിന്നെ ഒരു ഓട്ടമായിരുന്നു.
കൂടെയുള്ള കൂട്ടുകാരെ വെട്ടിച്ചു മുന്നേറി പോകുമ്പോള്‍ ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയായിരുന്നു മനസ് നിറയെ.....
തകര്‍ത്തു പെയ്യുന്ന മഴയെ കൂസാതെ ഓടി.....ഓടുന്നതിനിടയില്‍ അടുത്തു കണ്ട വാഴത്തോട്ടത്തില്‍ നിന്നും ഒരു വാഴയില കടിച്ചെടുത്ത്,അതും ചൂടികൊണ്ടായിരുന്നു പിന്നത്തെ ഓട്ടം.
വീട്ടില്‍ വന്ന്  കയറുമ്പോള്‍ അകവും, പുറവും ആകെ നനഞ്ഞൊട്ടി തണുത്ത് വിറച്ചു  പോയിരുന്നു.
ഡൈനിങ്ങ്‌ ടേബിളില്‍ കുമ്പിളപ്പം കണ്ണിറുക്കി കാണിച്ചു പ്രലോഭിപ്പിക്കുന്നു.അമ്മയുടെ സ്പെഷ്യല്‍ കുമ്പിളപ്പം.

നല്ല ഉണ്ട ശര്‍ക്കരയും, മൂത്ത് പഴുത്ത ചക്കപ്പഴവും നേര്‍മയായി വറുത്തെടുത്ത അരിപ്പൊടിയും പാകത്തിന് കുഴച്ച് കുമ്പിളിലയില്‍ ഉണ്ടാക്കുന്ന ഉശിരന്‍ കുമ്പിളപ്പം.

കയ്യും, കാലും, മുഖവും  ഒരുവിധത്തില്‍ കഴുകിയെന്നു വരുത്തി, കുമ്പിളപ്പത്തിനിട്ട് ഒരു പിടി പിടിച്ചു.
ലസാഘുവും....ഉസാഘയും, ലഘുതമഗുണിതവും പോയ വഴി കണ്ടില്ല....
എന്‍റെ മനസ്സിനെ ത്രസിപ്പിക്കുന്ന നാലു മണി പലഹാരങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടിയുണ്ട്.....

ആളത്രക്കു മോഡേണ്‍ ഒന്നുമല്ല,തനി നാടന്‍......
എങ്കിലും പറയാം......
സംഗതി നമ്മുടെ പാവം മരച്ചീനി പുഴുങ്ങിയത് തന്നെ....
പക്ഷെ! നമ്മുടെ സ്വന്തം അമ്മയുടെ ആ കൈപ്പുണ്യവും സ്നേഹവും,തലോടലും ഏറ്റ് അവനങ്ങ്‌ ഉഷാറാവും.
നല്ല ചെണ്ട മുറിയന്‍ കപ്പ പുഴുങ്ങിയത്.
അവന്‍റെ കൂടെ...നല്ല പച്ച കാന്താരിയും,ചുവന്നുള്ളിയും അമ്മിക്കല്ലില്‍ വച്ച് ചെറുങ്ങനെ ചതച്ചിട്ട് കുറച്ചു ഉപ്പും,നല്ല നാടന്‍ പച്ച വെളിച്ചെണ്ണയും ചേര്‍ത്തു തിരുമ്മിയതും കൂടി ഒരു പിടി പിടിച്ചാല്‍.....
എന്‍റെ സാറെ.....
പിന്നെ ചുറ്റിലുള്ള ഒന്നും കാണില്ല.....
അത്രയ്ക്ക് എരിവാ.....
ആ ഉള്ളിച്ചമ്മന്തി കൂട്ടി ഒരു കലം പുഴുങ്ങിയ കപ്പ തിന്നാം.
പഴയ ഓര്‍മ്മകളില്‍ ഊയലാടി അങ്ങനെ നടക്കുമ്പോള്‍
മൂക്കിലേക്ക്.. അതാ ആ പഴയ കുമ്പിളപ്പത്തിന്‍റെ മണം വീണ്ടും..
ഒന്ന് കൂടി ശ്വാസം ഉള്ളിലോട്ടു വലിച്ചു കയറ്റി നോക്കി. തോന്നിയതല്ല സത്യമാണ്.
അതെ...അമ്മയുണ്ടാക്കിയ കുമ്പിളപ്പത്തിന്‍റെ അതേ മണം.
ആ സുഗന്ധത്തിന്‍റെ പിന്നാലെ ചെന്ന് കയറിയത് സ്വന്തം അടുക്കളയില്‍.....അതാ അവള്‍ കുമ്പിളപ്പo ആവിയില്‍ പുഴുങ്ങി... പുഴുങ്ങി...എടുക്കുന്നു.
എവിടന്നു കിട്ടി? ഇവള്‍ക്ക് കുമ്പിളിലയും പഴുത്ത ചക്കയും!
എന്‍റെ അതിശയം കണ്ടിട്ടാവണം അവള്‍ കാര്യം പറഞ്ഞു.
“അതേയ് നമ്മുടെ റീന ചേച്ചിയും ഫാമിലിയും നാട്ടില്‍ പോയിട്ട് ഇന്നലെയാണ് തിരിച്ചു വന്നത് അവര്‍ തന്നതാണ് ഈ സാധനങ്ങള്‍”.
“നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ആകട്ടെ എന്ന് കരുതി മിണ്ടാതിരുന്നതാണ് ”.
“വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വാ...നമുക്കെല്ലാവര്‍ക്കും കൂടി പള്ളിയില്‍ പോയി ഒന്ന് പ്രാര്‍ത്ഥിക്കണം”.

“ഈ ഫുഡ്‌ അകത്താക്കാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണോ?”

അവള്‍ ഒന്ന് മാറിയ തക്കത്തിനു കയ്യിട്ട്  ഒരു കുമ്പിളപ്പത്തിനു കൈ വച്ചതും,അവള്‍ കയില്‍ കണകൊണ്ട്
അത് തട്ടി പാത്രത്തിലിട്ടതും ഒന്നിച്ചായിരുന്നു.

കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ പറഞ്ഞു

“കുന്തം”

“ങേ?”

“നിങ്ങള്‍ക്ക് വല്ല ഓര്‍മ്മയുമുണ്ടോ മനുഷ്യ!
ഇന്ന് നിങ്ങളുടെ അമ്മയുടെ ഓര്‍മ്മ ദിവസമാണ്”

“പള്ളിയില്‍ പോയി വന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഇത്  കഴിക്കാം അതുവരെ ഒന്ന് ക്ഷമി!”

ഞാനവളെ ഉറമ്പടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട്‌ വച്ച് കൊടുത്തു.

“നീയണഡീ... യഥാര്‍ത്ഥ ഫാര്യ”. 





















No comments:

Post a Comment