Saturday 13 August 2016

ഒറ്റയാന്‍....ചെറുകഥ












ഒറ്റയാന്‍....


ചെറുകഥ         

റോയ് പാനികുളം                 


എന്താണ് ഒറ്റയാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം???....
കുഞ്ഞുമോന് എപ്പോഴും സംശയങ്ങള്‍  ആയിരുന്നു..... 
കുറെയൊക്കെ അമ്മയോട് ചോദിച്ചു മനസ്സിലാക്കി. 
അല്ലാത്തവ മുതിര്‍ന്നവരോടോ ടീച്ചറിനോടോ ചോദിച്ചു മനസ്സിലാക്കിയിരുന്നു....വലുതായപ്പോള്‍ ആ സ്വഭാവം അങ്ങില്ലാതായി... എന്താണെന്നല്ലേ ? 
ഒരു ചമ്മല്‍...എങ്ങനാ എപ്പോഴും സംശയങ്ങള്‍ ചോദിക്കുന്നത് ?
കൊച്ചു പിള്ളാരല്ലേ ഇങ്ങനെ എപ്പോഴും സംശയങ്ങള്‍ ചോദിക്കുന്നത് ?
ആ പയ്യന്‍സ് ഇപ്പോള്‍  വളര്‍ന്നങ്ങു വല്ലാണ്ടായി പോയി ....എന്ന് വച്ച് സംശയങ്ങള്‍ക്ക് ഒട്ടും തന്നെ കുറവില്ലാട്ടോ...അതങ്ങനെ വരും പോവും...ഇന്നലെ പണിയൊന്നും ഇല്ലാതെ ചുമ്മാ ഓഫിസിലിരിക്കുമ്പോള്‍ ചിന്തകള്‍, പഴയ കുസൃതികള്‍ നിറഞ്ഞ കോളേജ് ജീവിത കാലത്തേക്ക് എന്നെ കൂട്ടികൊണ്ടുപോയി....ഇന്നലെ പണിയൊന്നും ഇല്ലാതിരുന്നപ്പോള്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ബാക്കി എല്ലാ ദിവസവും മുട്ടന്‍ പണിയാണെന്നു.....അല്ലാട്ടോ....ആളുകള്‍ക്ക് എങ്ങനെ പണി കൊടുക്കാം എന്നതാണ് എന്‍റെ ഇപ്പോഴത്തെ പണി...അപ്പൊ സാറ് ...കോളേജില്‍ ഒക്കേ പഠിച്ച ആളാണല്ലേ ? സത്യായിട്ടും കണ്ടാല്‍ തോന്നില്ലാട്ടോ!!!!!! അനവസരത്തില്‍ ഉള്ള ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്....  നോക്കിയപ്പോള്‍ ഓഫീസിലെ പ്യൂണ്‍ പയ്യന്‍ അടുത്ത് നില്‍ക്കുന്നു അനവസരത്തില്‍ കയറി വന്നിട്ട്  സംസാരിക്കുക ഇക്കൂട്ടരുടെ ഒരു സ്വഭാവാണ് ( സോറി പ്യൂണ്‍ ചേട്ടന്മാരെ )എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല.......

കോളേജ് മാഗസിനില്‍ ഒരു കഥ അച്ചടിച്ച്‌ വരണം.എന്നുള്ളത്  ഈയുള്ളവന്‍റെ ഇമ്മിണി ബല്യ ഒരാഗ്രഹം ആയിരുന്നു  . ഇന്ന് വരെ എന്‍റെ ഒരു കഥയും വെളിച്ചം കണ്ടിട്ടില്ല.പക്ഷെ എന്നെ അങ്ങനെയങ്ങ് കൊച്ചാക്കാന്‍ വരട്ടെ വെളിച്ചമൊക്കെ കണ്ടിട്ടുണ്ട് അത് ഉമ്മറത്തെ മണ്ണെണ്ണ വിളക്കിന്റെതാണ് എന്ന് മാത്രം.

എല്ലാ ദിവസവും നല്ല ഉശിരന്‍ ചിന്തകളുമായി ഞാന്‍ എന്‍റെ സ്വന്തം  പഠനമുറിയില്‍  കയറും.സാഹിത്യ നഭോമണ്ഡലത്തിലെ സകല ഗുരുഭൂതന്‍മാരെയും മനസാ വരിച്ചു എന്‍റെ സാഹിതീ പൂജ തുടങ്ങും ...  പക്ഷെ ഭാവന.....അത് മാത്രം വരുന്നില്ല ...ഉറക്കം..... അത് കുശാലായി വരുന്നുമുണ്ട്. അവസാനം, രാത്രിയുടെ ഏതോ യാമത്തില്‍ .കുറെയേറെ വെട്ടിത്തിരുത്തലുകള്‍ക്കും മാറ്റിയെഴുതലുകള്‍ക്കും ശേഷം  ഞാന്‍ എന്‍റെ കഥ പൂര്‍ത്തിയാക്കി. ഇനി ഇതൊന്നു വിവരമുള്ള ആരെയെങ്കിലും കാണിക്കണം.മനസ്സില്‍ പല പല പേരുകളും കലപിലയിട്ടു കയറി വന്നു.അപ്പോഴാണ് ***ശ്രീ വസന്തസകന്‍ സര്‍ എന്‍റെ ഓര്‍മയിലേക്ക് ഇവരെയെല്ലാം തള്ളി മാറ്റി  ഇടിച്ചു കയറി വന്നത്.പുള്ളിക്കാരന്‍ ആ സമയത്ത് അരക്കില്ലം എന്ന ഒരു ഘടാഘടിയന്‍ നോവലൊക്കെ എഴുതി കോളേജില്‍ വിരാജിക്കുകയാണ്.

മീനമാസത്തിലെ ഒരു വൈകുന്നേരം ഞാന്‍ എന്‍റെ സൃഷ്ടി സാറിന്റെ വിശകലനത്തിനായി സമര്‍പ്പിച്ചു .സാറിന്റെ മുറിയില്‍ നിന്നും പതിയെ വീട്ടിലേക്കു നടന്നു. ഭാവിയിലെ വലിയ ഒരു എഴുത്തുകാരന്‍ ആണ് ചുമ്മാ ഒരു മസ്സിലും പിടിക്കാതെ നടുറോഡിലൂടെ ഇങ്ങനെ നടന്നു പോകുന്നത്.മനസ് നിറയെ സന്തോഷ പൂത്തിരികള്‍ കത്തിയമരുന്നു. നാളെ നേരം വെളുക്കുമ്പോള്‍ ഞാനും ഒരു എഴുത്തുകാരന്‍ ആകും.കോളേജ് മാഗസിനില്‍ എന്‍റെ കഥ ഫോട്ടോ സഹിതം അച്ചടിച്ച്‌ വരും .ഹാവൂ...ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര് ..പെണ്‍കുട്ടികള്‍ എന്‍റെ ചുറ്റും കൂടുന്നു... ഓട്ടോഗ്രാഫ് എഴുതി കൊടുക്കുന്നു... കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു...ഹെന്റമ്മേ  (ഇന്നസെന്റിനോട് കടപ്പാട് ) പെണ്‍കുട്ടികള്‍... ...ഓട്ടോഗ്രാഫ്... ഒന്നൂല്ല ... ഒന്നൂല്ല...ഒക്കെ മായ്ച്ചു കളഞ്ഞേ...

പിറ്റേ ദിവസം രാവിലെ... നോക്കുമ്പോള്‍ പൊക്കം കുറഞ്ഞ്, നല്ല വെളുത്ത ഖദര്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞു വസന്തസകന്‍ സര്‍ പതിവ് പോലെ ബുള്ളെറ്റ് ബൈക്കില്‍ വന്നിറങ്ങി, എന്‍റെ അടുത്ത് കൂടെ വേഗത്തില്‍ നടന്നു  പോയി, എന്നിട്ട് തിരിഞ്ഞു നോക്കി കുപ്പിഗ്ലാസ്സ് കണ്ണടക്കിടയിലൂടെ അകത്തേക്ക് വരാന്‍ ആന്ഗ്യം കാണിച്ചു. ആള് ശുദ്ധ മലയാളത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ്.

ഈ പാവം എഴുത്തുകാരന്‍ അകത്തു കയറി മിണ്ടാതെ മൃക്കാതെ അടുത്ത് ചെന്ന് നിന്നു.സര്‍ എന്‍റെ മുന്നിലേക്ക്‌ കുറച്ചു കടലാസ് കഷണങ്ങള്‍ നീട്ടി... എന്‍റെ കഥയില്‍ അവിടെയും ഇവിടെയും ചുവപ്പ് മഷിയില്‍ വട്ടം വരച്ചിരിക്കുന്നു..

ഞാനേ കണ്ടുള്ളൂ....ഞാന്‍ മാത്രേ കണ്ടുള്ളൂ .....

ദുഷ്ടന്‍കാര്‍ക്കോടകന്‍.....

അതോടെ സാറിനോടുള്ള എന്‍റെ സകല ബഹുമാനവും പോയി ....

അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്ന എന്നെ സര്‍ ആ ചുവന്ന മഷി കൊണ്ട് വരച്ച  വലിയ വട്ടത്തിനുള്ളിലെ സന്ധ്യാസമയത്ത് കാട്ടിലൂടെ ഒറ്റയാനകള്‍ കൂട്ടം കൂടി നടന്നു പോവുകയായിരുന്നു ”.എന്ന വാചകം ചൂണ്ടി കാണിച്ചു തന്നിട്ട്  മുഖത്തേക്ക് ഒരു നോട്ടം ...അത് ഒരു ഒന്നൊന്നര നോട്ടം തന്നെയായിരുന്നു !!!!

അന്നും ഇന്നും ഒരൊറ്റ സംശയം മാത്രം ഈയുള്ളവന്‍റെ മനസ്സില്‍ ബാക്കി നില്‍ക്കുന്നു...

എന്തേ ഒറ്റയാനകള്‍ക്ക് കാട്ടിലൂടെ കൂട്ടം കൂടി നടന്നു കൂടെ ???.





·       ***  കാലടി ശ്രീ ശങ്കര കോളേജിലെ ഞങ്ങളുടെ മലയാളം ഹെഡ് ആയിരുന്നു ഡോക്ടര്‍ ശ്രി വസന്തസകന്‍ സര്‍.


·         1990 കാലഘട്ടത്തിലെ അറിയപ്പെടുന്ന ഒരു നോവലിസ്റ്റ്കൂടിയായിരുന്നു ഡോക്ടര്‍ വസന്തസകന്‍ സര്‍.....

No comments:

Post a Comment